Latest News
Loading...

ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് ഇൻഷ്വറൻസ് കോർപ്പറേറ്റ് ഏജൻസി നൽകരുത് : ഇൻഷ്വറൻസ് ഏജന്റുമാർ


 ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് ഇൻഷ്വറൻസ്  കോർപ്പറേറ്റ് ഏജൻസി നൽകരു കേരള ഇൻഷ്വറൻസ് അഡ്വൈസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം കേന്ദ്ര സർക്കാരിനോടും ഇൻഷ്വറൻസ് റെഗുലേറ്ററി അതോറിറ്റി ആന്റ് ഡെവലപ്മെന്റ് ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടു. ബാങ്കിൽ നിന്നും ലഭിക്കുന്ന വ്യക്തിവിവരങ്ങൾ ചൂഷണം ചെയ്താണ് ബാങ്കിംഗ് സ്ഥാപനങ്ങൾ പോളിസി ചേർക്കുന്നതതെന്ന് ഫെഡറേഷൻ ആരോപിച്ചു. ഭവനവായ്പ എടുക്കുന്ന ആളുകളെക്കൊണ്ടു വൻ തുകയ്ക്കുള്ള പോളിസി എടുപ്പിക്കുന്നത് സ്ഥിരം പരിപാടിയാണ്. മിക്കപ്പോഴും ആവശ്യമായ പോളിസിക്കു പകരം വൻതുകയ്ക്കുള്ള പോളിസിയാണ് എടുപ്പിക്കുന്നതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. വൻകിട മോട്ടോർ വാഹന ഡീലർമാരായ വർക്ക്ഷോപ്പുടമകൾ വാഹന ഇൻഷ്വറൻസ് പോളിസി എടുപ്പിക്കുന്നതും അവസാനിപ്പിക്കണം. വൻകിട കോർപ്പറേറ്റ് ഏജൻസികൾ വരുമ്പോൾ നിരവധി പേർക്ക് തൊഴിൽ ചെയ്യാനുള്ള അവസരം നിഷേധിക്കുതോടൊപ്പം മറ്റൊരാവശ്യത്തിനു നൽകുന്ന വിവരങ്ങൾ ചൂഷണം ചെയ്യുന്നതിനും ഇടയാക്കുന്നു. വർക്ക്ഷോപ്പ് ശൃംഖലയുള്ളവർ ഇൻഷ്വറൻസ് പോളിസി വിൽക്കുകയും അവരുടെ വർക്ക് ഷോപ്പിൽ ക്ലെയിം വന്നാൽ പണിയിക്കുകയും ചെയ്യുന്നത് ദുരുപയോത്തിന് ഇടയാക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയത്തിൽ വൻ വർദ്ധനവ് വരുത്തിയ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് നൽകുന്ന നോക്ലെയിം ബോണസ് പണമായി അനുവദിക്കാൻ ഇൻഷ്വറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്ന്  സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. മിക്ക കമ്പനികളും നോ ക്ലെയിം ബോണസ് പണമായി നൽകുന്നില്ല. പകരം ഇൻഷ്വറൻസ് തുകയിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതുമൂലം ഫലത്തിൽ ഉപഭോക്താക്കൾക്ക് നോ ക്ലെയിം ബോണസിന്റെ ഗുണം കിട്ടാതെ വരും. ഒരു ശതമാനം ആളുകൾക്കു പോലും ഇതിന്റെ പ്രയോജനം ലഭിക്കുകയില്ല. ഉപഭോക്താക്കളുടെ അവകാശമായ നോ ക്ലെയിം ബോണസ് തുക മുഴുവൻ ഇൻഷ്വറൻസ് കമ്പനികൾ മുതൽകൂട്ടുകയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി. നോ ക്ലെയിം ബോണസ് പണമായി നൽകിയാൽ ഉപഭോക്കാക്കൾക്ക് പ്രീമിയം അടവിൽ കുറവ് വരും. ഈ പണവും വർഷങ്ങളായി കമ്പനികൾ നിയമവിരുദ്ധമായി കവർന്നെടുക്കുകയാണ്. 

മെഡിക്ലെയിം ഇൻഷ്വറൻസ് മേഖലയിൽ ഉപഭോക്താക്കൾ വൻ ചൂഷണത്തിന് ഇരയാകുന്നുണ്ട്. ഇതു മൂലം സത്യസന്ധമായി പ്രവർത്തിക്കുന്ന ഏജൻറുമാർ പഴികേൾക്കുകയാണ്. ആശുപത്രികളിൽ ക്യാഷ് ലെസ് നൽകുന്ന കമ്പനികൾ റീ ഇംപേഴ്സ്മെന്റിനു സമർപ്പിക്കുമ്പോൾ തുക വെട്ടിക്കുറയ്ക്കുന്നുണ്ട്. ഇത് ഉപഭോക്താക്കളും ഏജന്റുമാരും തമ്മിൽ പ്രശ്നങ്ങൾക്ക് ഇടവരുത്തുന്നുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. 

ഇൻഷ്വറൻസ് പോളിസിയിലെ വ്യവസ്ഥകൾ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് തിരുവനന്തപുരം, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോഡ് എന്നിവിടങ്ങളിൽ ഉപഭോക്താക്കളുടെ കൂട്ടായ്മ സംഘടിപ്പിക്കും. എബി ജെ.ജോസ് അധ്യക്ഷത വഹിച്ചു. ഇൻഷ്വറൻസ് മേഖലയിലെ ചൂഷണങ്ങൾ അവസാനിപ്പിക്കണമെന്ന്  സമ്മേളനം ഉദ്ഘാടനം ചെയ്ത മാണി സി കാപ്പൻ എം.എൽ.എ. ആവശ്യപ്പെട്ടു.

ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായി മാണി സി കാപ്പൻ എം.എൽ.എ. (പ്രസിഡന്റ്) എബി ജെ.ജോസ് (ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. റ്റോസ് മാളിയേക്കൽ (വൈസ് ചെയർമാൻ), ജയിസൺ ജോസ് (സെക്രട്ടറി), ടിജോ ഐസക് (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.