പാലാ പൊന്‍കുന്നം പാലത്തിലുണ്ടായിരുന്ന പെരുംതേന്‍ കൂട് ഇളകിയതിനെ തുടര്‍ന്ന് തേനീച്ചുകളുടെ ആക്രമണത്തില്‍ യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്ക്. റോഡിലൂടെ പോയ വാഹനയാത്രക്കാരെയും ബസ് കാത്തുനിന്നവരെയും തേനീച്ചകള്‍ കുത്തിപരിക്കേല്‍പ്പിച്ചു. ഇരുപതോളം പേര്‍ക്ക് കുത്തേറ്റതായാണ് വിവരം. ഏതാനും പേര്‍ പാലാ ജനറലാശുപത്രിയില്‍ ചികിത്സ തേടി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കാക്കയോ പരുന്തോ കൂട് ഇളക്കിയതാവാമെന്നാണ് കരുതുന്നത്. നിരവധി തേനീച്ചകൂടുകളാണ് പാലത്തിലുള്ളത്. ഇളകിയാര്‍ത്ത ഈച്ചകള്‍ ആളുകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കോട്ടയം ഭാഗത്തേയ്ക്കുള്ള ബസ് കാത്തുനിന്നവര്‍ക്കും വാഹങ്ങളില്‍ പോയവര്‍ക്കും കുത്തേറ്റു. വേദന കൊണ്ട് പുളഞ്ഞ പലരും ആശുപത്രികളില്‍ ചികിത്സ തേടി.
ജനറലാശുപത്രിയില്‍ ഏതാനും പേര്‍ മാത്രമാണെത്തിയത്. കൂടുതല്‍ പേര്‍ക്ക് കുത്തേറ്റതായും ഇവര്‍ സ്വകാര്യ ആശുപത്രികളിലേയ്ക്ക് പോയതായുമായാണ് വിവരം. ജനറലാശുപത്രിയിലും ആളുകള്‍ക്ക് ഭീഷണിയായി നിരവധി കൂടുകളാണ് ഉണ്ടായിരുന്നത്. ഇവ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.