Latest News
Loading...

ഗള്‍ഫ് മേഖലയില്‍ ആശങ്ക. യുദ്ധ ഭീതിയില്‍ മലയാളികളും


ഖുര്‍ദ് ഫോഴ്‌സ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിനുപിന്നാലെ ഗള്‍ഫ് മേഖലയില്‍ ആശങ്ക. ഇറാനും അമേരിക്കയും തമ്മിലുള്ള പോര് രണ്ടാം ഗള്‍ഫ് യുദ്ധത്തിലേക്ക് നയിക്കുമോയെന്ന ഭീതിയാണ് പരക്കുന്നത്. ഇതോടെ മലയാളികള്‍ അടക്കമുള്ളവര്‍ ഭീതിയിലായിരിക്കുകയാണ്. 

ഇന്ന് പുലര്‍ച്ചെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം അമേരിക്ക ബാഗ്ദാദ് വിമാനത്താവള റോഡില്‍ തന്ത്രപ്രധാനമായി വ്യോമാക്രമണം നടത്തിയത്. ജനറല്‍ സുലൈമാനിക്ക് പുറമെ ഇറാഖി കമാന്‍ഡര്‍ അബു മെഹ്ദി അല്‍ മുഹന്ദിസും, ഇറാഖിലെ പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്‍സ് ഗ്രൂപ്പ് മേധാവി മുഹമ്മദ് റിദാ ജാബ്രിയും കൊല്ലപ്പെട്ടിട്ടുണ്ട്. 

രണ്ടാം ഗള്‍ഫ് യുദ്ധമുണ്ടായാല്‍ അത് ഏറ്റവും ഗുരുതരമായി ബാധിക്കുക മലയാളികളെയായിരിക്കും. യുദ്ധത്തിന്റെ പ്രതിഫലനങ്ങള്‍ സൗദിയിലടക്കം വ്യാപിക്കുകയും ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന സാഹചര്യവും ഉാകാനിടയുണ്ട്. മലയാളികളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുകയാണ് ഇറാന്‍ അമേരിക്ക ഏറ്റുമുട്ടല്‍.

ഖാസിം സുലൈമാനിയുടെ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്. ആണവായുധവും അത്യാധുനിക മിസൈല്‍ സംവിധാനവുമുള്ള ഇറാന്‍ അമേരിക്കന്‍ സഖ്യകക്ഷിയായ സൗദി അറേബ്യയില്‍ അക്രമം നടത്തുമോ എന്ന ആശങ്കയും പരക്കുന്നുണ്ട്. 

അമേരിക്കന്‍ വ്യോമാക്രമണം ക്രൂഡോയില്‍ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. ഇറാന്‍ ആത്മീയാചാര്യന്‍ ആയത്തൊള്ള ഖൊമൈനിയുമായി ഏറ്റവും അടുപ്പമുള്ള നേതാവായ സുലൈമാനിയുടെ വധത്തില്‍ ഇറാന്‍ നടത്തുന്ന പ്രത്യാക്രമണം പ്രവചനാതീതമായിരിക്കുമെന്ന ആശങ്ക ഗള്‍ഫ് രാജ്യങ്ങളില്‍ പടരുകയാണ്. ഇറാഖിലെ എണ്ണ നിക്ഷേപത്തില്‍ കണ്ണുവെച്ച അമേരിക്ക ഇപ്പോള്‍ ഇറാനെയും ലക്ഷ്യം വെക്കുന്നതാണ് ഗള്‍ഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തുന്നത്.