Latest News
Loading...

സംസ്ഥാനതല ഭക്ഷ്യ- ആരോഗ്യ സ്വരാജ് സെമിനാർ നടന്നു


 ഭക്ഷ്യ-ആരോഗ്യ സ്വരാജ് സെമിനാർ കൊടുമ്പിടി വിസിബ് ഓഡിറ്റോറിയത്തിൽ നടന്നു.പ്രൗഢമായ നിറഞ്ഞ സദസ്സ്, ദേശീയ ജൈവവൈവിധ്യ അവാർഡും ദേശീയ പ്ലാന്റ് ജീനോം സേവ്യർ അവാർഡും നേടിയ ഏക കർഷകൻ ഷാജി കേദാരം, വയനാട്, സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തി.

 200 ലേറെ ഇനം കിഴങ്ങ് വർഗ്ഗവിളകളും 60 ഇനം നെൽവിത്തുകളും സംരക്ഷിക്കുന്ന അദ്ദേഹം പ്രളയകാലത്തെ അതിജീവിച്ച നിശ്ചയദാർഢ്യം പങ്കുവച്ചു. കൃഷിയിലെ ആത്മീയതയിൽ ഊന്നിയായിരുന്നു പ്രഭാഷണം. ദേശീയ സസ്യ -ജനിതക അവാർഡ് ജേതാവും സംസ്ഥാനത്തെ പ്രമുഖ ഇലയറിവ് വിദഗ്ധനുമായ സജീവൻ കാവുങ്കര, കണ്ണൂർ, ഭക്ഷ്യശീലങ്ങളിൽ ഉൾപ്പെടുത്തേണ്ട വൈവിധ്യങ്ങളുടെ സാധ്യതകളും ആവശ്യകതയും പ്രതിപാദിച്ച് സംസാരിച്ചു.


സംസ്ഥാന ഭക്ഷ്യ- ആരോഗ്യ സ്വരാജ് കർമ്മസമിതി കൺവീനർ സണ്ണി പൈകട, കാസർഗോഡ്, ഭക്ഷണത്തിലെ സ്വരാജ് ആശയങ്ങളുടെ സാമൂഹിക,ആരോഗ്യ, രാഷ്ട്രീയ പ്രസക്തി വിശദീകരിച്ചു. 'ഭക്ഷണം അരികെ; ആരോഗ്യം തിരികെ' എന്ന മുദ്രാവാക്യവുമായി ശ്രദ്ധേയമായ ഭക്ഷ്യ- ആരോഗ്യ സ്വരാജ് പ്രവർത്തനങ്ങൾ നടത്തിയ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന് ഭക്ഷ്യ- ആരോഗ്യ സ്വരാജ് പുരസ്കാരം സമ്മാനിച്ചു. പ്രാദേശിക ഭക്ഷ്യ- വിപണിയെ ശാക്തീകരിച്ചതിന് തെരഞ്ഞെടുക്കപ്പെട്ട പത്ത് വിസിബ് വനിതാ പ്രവർത്തകർക്കും, പ്രാദേശീക ഭക്ഷണത്തിന്റെ പ്രചാരത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾക്കും ഭക്ഷ്യ- ആരോഗ്യ സ്വരാജ് പ്രശംസാ ഫലകങ്ങൾ നൽകി.

സന്ധ്യാ ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി കെ.സി.തങ്കച്ചൻ, കേരള ജൈവകർഷകസമിതി ജില്ലാ പ്രസിഡന്റ് ജോയി മഞ്ഞാമറ്റം, കർഷകവേദി സംസ്ഥാന പ്രസിഡന്റ് കെ.വി.ജോർജ്, ഇൻഫാം വിജ്ഞാന വ്യാപനകേന്ദ്രം സെക്രട്ടറി ജെയിംസ് സെബാസ്റ്റ്യൻ, വിസിബ് ചെയർപേഴ്സൺ ശാന്തി ഗോപാലകൃഷ്ണൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ്മേരി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഭക്ഷ്യ- ആരോഗ്യ സ്വരാജ് കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ കൊടുമ്പിടി വിസിബ്, പാലാ അൽഫോൻസാ കോളേജ് ഇക്കണോമിക്സ് ഡിപാർട്ട്മെന്റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.