Latest News
Loading...

മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിനു ചുറ്റുമതിൽ നിർമ്മിക്കണം


 മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിനു ചുറ്റുമതിൽ കെട്ടണമെന്ന ആവശ്യം ശക്തമാകുന്നു. മിനി സിവിൽ സ്‌റ്റേഷനു പിന്നിൽ പണികഴിച്ച പുതിയ കെട്ടിടത്തിനു ചുറ്റുമതിൽ ഇല്ലാത്തതുമൂലം പരിസരമാകെ അലങ്കോലപ്പെട്ടുകിടക്കുകയാണ്. ഓഫീസ് പരിസരത്ത് കാടുകയറുകയും ചെയ്തതോടെ ഇവിടെ എത്തുന്നവർ ദുരിതത്തിലായിരിക്കുകയാണ്. പിടിച്ചെടുത്ത വാഹനങ്ങൾ ഈ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്നു. ഇവയെല്ലാം ഉപയോഗിക്കാൻ കഴിയാത്തവിധം തുരുമ്പെടുത്തു നശിക്കുകയും ഇതിനുള്ളിൽ ചെടികൾ വളരുകയും ചെയ്തിട്ടുണ്ട്‌. പൊളിച്ച പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് കൂനകൾ ഉൾപ്പെടെയുള്ളവ ഇവിടെ ഇപ്പോഴും കൂട്ടിയിട്ടിരിക്കുകയാണ്.  ഇവിടെ ഇഴജന്തുക്കളടക്കുള്ള ജീവികൾ ഉള്ളതിനാൽ ആളുകൾ ഭയപ്പാടോടെയാണ് ഓഫീസിൽ എത്തുന്നത്.


ഓഫീസിനു മുന്നിൽ ആവശ്യത്തിനു സ്ഥലം ഉണ്ടെങ്കിലും കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ വാഹനം പാർക്കു ചെയ്യാനും ഇടയില്ലാത്ത അവസ്ഥയാണ്. സബ് രജിസ്ട്രാർ ഓഫീസിൽ എത്തുന്ന പ്രായമായവർക്കും വൈകല്യമുള്ളവർക്കും വീൽചെയർ സൗകര്യമുണ്ടെങ്കിലും ഓഫീസ് പരിസരംവരെ വാഹനം എത്താത്തതും ആളുകൾക്ക് ദുരിതമായിരിക്കുകയാണ്.  റാമ്പ് സൗകര്യം ഉണ്ടെങ്കിലും അതും ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. അധികൃതർ ചുറ്റുമതിൽ നിർമ്മിച്ച് ഓഫീസിന്റെ സുരക്ഷ വർദ്ധിപ്പിക്കണമെന്നും പരിസരം വൃത്തിയാക്കി പാർക്കിംഗ് സൗകര്യം നൽകണമെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, സാബു എബ്രാഹം, അനൂപ് ചെറിയാൻ, സുമിത മറിയം മാമ്മൻ എന്നിവർ പ്രസംഗിച്ചു.