പഞ്ചാംഗശിക്ഷണം നല്‍കുന്ന ഈരാറ്റുപേട്ട പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തില്‍ സംഘടിപ്പിച്ച തിരുവാതിരകളി ശ്രദ്ധേയമായി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും വിദ്യാര്‍ത്ഥികളുടെ അമ്മമാരും സമീപവാസികളായ സ്ത്രീകളും അടക്കം 112 പേരാണ് സ്‌കൂള്‍ മുറ്റത്ത് നടന്ന തിരുവാതിരകളിയില്‍ അണിചേര്‍ന്നത്.
1995-ല്‍ ആരംഭിച്ച സ്‌കൂള്‍ 25 വര്‍ഷം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയായിരുന്നു തിരുവാതിരകളി. ശിവന്റെ തിരുനാളെന്ന് അറിയപ്പെടുന്ന ധനുമാസത്തിലെ തിരുവാതിരയോട് അനുബന്ധിച്ചാണ് തിരുവാതിരകളി സംഘടിപ്പിച്ചത്. നാളുകള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് കൊച്ചുകുട്ടികള്‍ മുതല്‍ അമ്മമാര്‍ വരെയുള്ളവര്‍ ഒരുപോലെ ചുവടുവെച്ചത്. പരിശീലക ശാന്തമ്മ കളിവിളക്ക് തെളിയിച്ചു. മുന്‍വര്‍ഷങ്ങളിലും സ്‌കൂളില്‍ തിരുവാതിര അരങ്ങേറിയിട്ടുണ്ടെങ്കിലും ഇത്തവണയാണ് വിപുലമായ രീതിയില്‍ തിരുവാതിരകളി നടന്നത്.
എട്ടാംക്ലാസ് വരെ 150ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. അക്കാഡമിക് പഠനത്തിനൊപ്പം സംഗീതം, സംസ്‌കൃതം, യോഗ, നൈതികം, കായികം എന്നീ അഞ്ച് മേഖലകളില്‍കൂടി സ്‌കൂളില്‍ പരിശീലനം നല്‍കുന്നുണ്ട്. തിരുവാതിരകളിയോട് ആഭിമുഖ്യമുള്ളവരെ ജാതിമതഭേദമില്ലാതെ പങ്കെടുപ്പിച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
അഡ്വ. ശ്രീ വിജയശ്രീ, ശ്രീജ എന്നിവരാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മെഗാ തിരുവാതിരകളി ആസ്വദിക്കാന്‍ പ്രദേശവാസികളടക്കം സ്‌കൂളില്‍ എത്തിയിരുന്നു.