Latest News
Loading...

വാകക്കാട് അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ കോള്‍ ടു ഗുഡ് ലൈഫ് പദ്ധതിയുമായി വീടുകളിലേക്ക്


തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി വാകക്കാട് അല്‍ഫോന്‍സാ ഹൈസ്‌ക്കൂളിലെ കുട്ടികള്‍ തുടക്കം കുറിച്ച കോള്‍ ടു ഗുഡ് ലൈഫ് എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം സ്‌ക്കൂള്‍ മാനേജര്‍ ഫാ.ജെയിംസ് കുടിലില്‍  അദ്ധ്യക്ഷത  വഹിച്ച  യോഗത്തില്‍ വച്ച്  മഹാത്മ ഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസകമ്മീഷന്‍ അംഗവുമായ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യ്തു. 

മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നിഷ ജോസഫ് തുണി സഞ്ചി,സര്‍വേ ഫോം എന്നിവയുടെ  വിതരണം ഉദ്ഘാടനം ചെയ്യതു. മേലുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജെസ്സി ബെന്നി, പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ്, ഹെഡ്മിസ്ട്രസ്സ് സി. റ്റെസ് , മനു കെ ജോസ്, മിന്‍സ പയസ് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളില്‍ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് മാതാപിതാക്കളും കുട്ടികളും ചേര്‍ന്നു തയ്യാറാക്കിയ തുണി സഞ്ചികളും പേപ്പര്‍ ക്യാരി ബാഗുകളും  വിതരണം ചെയ്യുും.

രണ്ടാം ഘട്ടത്തില്‍ കുട്ടികള്‍ ആര്‍ജിച്ചെടുത്ത അറിവുകളും പ്രവര്‍ത്തനങ്ങളും തങ്ങള്‍ അധിവസിക്കുന്ന സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം വച്ചിരിക്കുിന്നത്.  രണ്ടായിരത്തി എഴുനൂറോളം വീടുകളില്‍ വാകക്കാട് അല്‍ഫോന്‍സാ ഹൈസ്‌കൂളിലെ കുട്ടികള്‍ നേരിട്ടെത്തി ബോധവത്കരണം നടത്തും. കുട്ടികള്‍ വീടുകളില്‍ നേരിട്ടിറങ്ങിചെന്ന് കുടുംബാഗംങ്ങള്‍ ഒരു ദിവസം മൊബൈല്‍ ഫോണ്‍,ടി വി,കമ്പ്യൂട്ടര്‍ എന്നിവ  ഉപയോഗിക്കുന്ന സമയം,  വീട്ടില്‍ ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്, വീട്ടില്‍ ഒരു മാസം ജങ്ക് ഫുഡ്,കോള എന്നിവക്കുവേണ്ടി ചെലവാക്കുന്ന തുക എന്നിവ രേഖപ്പെടുത്തി ഒരു സര്‍വേ നടത്തും. ഒരു മാസത്തിനു ശേഷം ഈ വിവരങ്ങള്‍ വീണ്ടും ശേഖരിച്ച് ഈ ബോധവല്‍ക്കരണം എത്രമാത്രം സമൂഹത്തിന് ഗുണം ചെയ്യ്തു എന്ന് പരിശോധിക്കും. 

ഇതോടെപ്പം പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും കുടുബത്തിന്റെ നന്മക്കായി മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കള്‍ വര്‍ജ്ജിക്കണമെന്നും ജങ്ക് ഫുഡ്, കോള മുതലായവ ഉപേക്ഷിക്കണമെന്നും കുട്ടികള്‍ ഉദ്‌ബോധിപ്പിക്കും. കൂടാതെ ഇന്നത്തെ തലമുറയുടെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന മൊബൈല്‍, ടി.വി., കമ്പ്യൂട്ടര്‍ എന്നിവയുടെ അമിതമായ ഉപയോഗം ഇല്ലാതാകുന്നതിനായ് സ്‌ക്രീന്‍ ടൈം കുറക്കുന്നതിനുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമായിരിക്കുന്നു. ശുചിത്വം പാലിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള തിരിച്ചറിവുകളും കുട്ടികള്‍ ഒരോ വീടുകളിലും നേരിട്ടെത്തിക്കും.

കുട്ടികള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണം നടത്തുന്ന വീടുകളില്‍ കോള്‍ ടു ഗുഡ് ലൈഫ് പ്രൊജക്ടിന്റെ ലോഗോയോടൊപ്പം പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ലേബല്‍ പതിച്ച് തങ്ങള്‍ പറഞ്ഞവ ഒരോരുത്തരും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി സമൂഹ നന്മയിലേക്ക് കടന്നു വരണം എന്ന് കുട്ടികള്‍ ഉദ്‌ബോധിപ്പിക്കും.

മെഗാക്യാമ്പയനിന്റെ വിജയത്തിനായി എല്‍സമ്മ സക്കറിയാസ്, സി.ജാസ്മിന്‍, മനു കെ ജോസ്, ജൂലിയ അഗസ്റ്റിന്‍, സന്തോഷ് തോമസ്, സി. പ്രീത, അലന്‍ അലോഷ്യസ്, സി. കൃപ, ബെന്നി ജോസഫ്, സാലിയമ്മ സ്‌കറിയ, സി. മേരിക്കുട്ടി ജോസഫ്, സി.ജിന്‍സി, ജോണ്‍സ് മോന്‍, ജോസഫ് സെബാസ്റ്റ്യന്‍,ദീപ മരിയ, സൗമ്യ ജോസ്, സി. ലിസി, ജോര്‍ജ്ജുകുട്ടി അലക്‌സ്, റ്റോജി മാത്യു, സിബി സ്‌കറിയാ തുടങ്ങിയവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു  പ്രവര്‍ത്തിക്കുന്നു.