Latest News
Loading...

പ്ലാസ്റ്റിക് വിമുക്ത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബത്തിനായി കുട്ടികളുടെ മെഗാക്യാമ്പയിന്‍


വാകക്കാട് അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച കോള്‍ ടു ഗുഡ് ലൈഫ് എന്ന പദ്ധതിയുടെ ഭാഗമായി രണ്ടായിരത്തി മുന്നൂറോളം വീടുകളില്‍ വാകക്കാട് സ്‌കൂളിലെ കുട്ടികള്‍ നേരിട്ടെത്തി പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബത്തിനായി ബോധവത്കരണം നടത്തി. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കുട്ടികള്‍ നിര്‍ദ്ദേശിച്ചു. കുടുബത്തിന്റെ നന്മക്കായി മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കള്‍ വര്‍ജ്ജിക്കണമെന്നും ജങ്ക് ഫുഡ്, കോള മുതലായവ ഉപേക്ഷിക്കണമെന്നും കുട്ടികള്‍ ഉദ്‌ബോധിപ്പിച്ചു. കൂടാതെ ഇന്നത്തെ തലമുറയുടെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന മൊബൈല്‍, ടി.വി., കമ്പ്യൂട്ടര്‍ എന്നിവയുടെ അമിതമായ ഉപയോഗം ഇല്ലാതാകുന്നതിനായ് സ്‌ക്രീന്‍ ടൈം കുറക്കുന്നതിനുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമായി നടത്തി. ശുചിത്വം പാലിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള തിരിച്ചറിവുകളും ഒരോ വീടുകളിലും കുട്ടികള്‍ കൊടുത്തു. 

ഇതോടെപ്പം കുട്ടികള്‍ വീടുകളില്‍ നിന്നും കുടുംബാഗംങ്ങള്‍ ഒരു ദിവസം മൊബൈല്‍ ഫോണ്‍, ടി വി, കമ്പ്യൂട്ടര്‍ എന്നിവക്കായി ഉപയോഗപ്പെടുത്തുന്ന സമയം,  വീട്ടില്‍ ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്, വീട്ടില്‍ ജങ്ക് ഫുഡ്,കോള എന്നിവക്കുവേണ്ടി ഒരു മാസം ചെലവാക്കുന്ന തുക എന്നിവ രേഖപ്പെടുത്തി ഒരു സര്‍വേക്കും തുടക്കം കുറിച്ചു. ഒരു മാസത്തിനു ശേഷം ഈ വിവരങ്ങള്‍ വീണ്ടും ശേഖരിച്ച് ഈ മെഗാക്യാമ്പയിന്‍ എത്രമാത്രം സമൂഹത്തിന് ഗുണം ചെയ്യ്തു എന്ന് വിലയിരുത്തുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും. 

മെഗാക്യാമ്പയനിന്റെ  പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌ക്കൂള്‍ മാനേജര്‍ ഫാ.ജെയിംസ് കുടിലില്‍ , ഹെഡ്മിസ്ട്രസ്സ് സി. റ്റെസ്, പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ്, എല്‍സമ്മ സക്കറിയാസ്, സി. മേരിക്കുട്ടി ജോസഫ്, സി.ജാസ്മിന്‍, മനു കെ ജോസ്, ജൂലിയ അഗസ്റ്റിന്‍, സന്തോഷ് തോമസ്, സി. പ്രീത, അലന്‍ അലോഷ്യസ്, സി. കൃപ, ബെന്നി ജോസഫ്, സാലിയമ്മ സ്‌കറിയ, സി.ജിന്‍സി, ജോണ്‍സ് മോന്‍, ജോസഫ് സെബാസ്റ്റ്യന്‍, ദീപ മരിയ, സൗമ്യ ജോസ്, സി. ലിസി, ജോര്‍ജ്ജുകുട്ടി അലക്‌സ്, സിബി സ്‌കറിയാ, റ്റോജി മാത്യു എന്നിവര്‍ നേതൃത്വം നല്‍കുന്നു.