Latest News
Loading...

മരവുമായി വർത്തമാനം പറഞ്ഞ് വിദ്യാർത്ഥികൾ



 മരം പറഞ്ഞത് എന്ന സിനിമ കണ്ടിറങ്ങിയ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്തെ മരങ്ങളുമായി ആശയവിനിമയത്തിലേർപ്പെട്ടത് വൈകാരിക മുഹൂർത്തങ്ങൾക്കിടയാക്കി. സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെയും നല്ല പാഠത്തിന്റെയും നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചത്. സംവിധായകൻ ദേവപ്രസാദ് നാരായണൻ മുഖ്യാതിധിയായിരുന്നു. 

ഒരു മരവും കുട്ടിയുമായുള്ള സൗഹൃദം പ്രമേയമാക്കിയാണ് സിനിമ എടുത്തിട്ടുള്ളത്. സിനിമ പ്രദർശനത്തിനു ശേഷം സംവിധായകൻ അനുഭവങ്ങൾ പങ്കുവച്ചു. പരിപാടികൾക്കുശേഷം പുറത്തിറങ്ങിയ വിദ്യാർത്ഥികളോട് സ്കൂൾ മുറ്റത്തെ മരങ്ങൾക്കു ചുറ്റും നിന്ന് അവയോട് വർത്തമാനം പറയാൻ പ്രേരിപ്പിച്ചത് സംവിധായകൻ ദേവപ്രസാദാണ്. സിനിമയിൽ ആദിത്യൻ എന്ന കുട്ടി മരത്തെ വിളിച്ചതുപോലെ 'മരം മാമാ...' എന്ന വിളികളോടെയാണ് വിദ്യാർത്ഥികൾ മരത്തോട് സംസാരിച്ചത്. 



സംസ്ഥാനത്തെ പ്രമുഖ വൃക്ഷവൈദ്യൻ കെ.ബിനു സ്കുളിലെത്തി നാശോദ്മുഖമായ പ്രിയോർ മാവിനെ ചികിത്സിച്ച് രക്ഷപെടുത്താൻ കുട്ടികളെ പരിശീലിപ്പിച്ചതിനു പിന്നാലെ അവരിൽ കൂടുതൽ വൃക്ഷാഭിമുഖ്യം വളർത്താൻ സഹായിക്കുന്ന തുടർപ്രവർത്തനമായിരുന്നു 'മരം പറഞ്ഞത് ' സിനിമയിലൂടെ സ്കൂൾ ലക്ഷ്യം വച്ചത്. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലിൻസ് മേരി, അദ്ധ്യാപക പ്രതിനിധികളായ ഷൈമോൾ ജോസ്, മഞ്ജു തോമസ്, വിദ്യാർത്ഥി പ്രതിനിധി അനഘാ തോമസ് എന്നിവർ നേതൃത്വം നൽകി.