Latest News
Loading...

പാലായിലെ കൗൺസിലർമാരോട് 'വാട്സ് ആപ്പിൽ പ്രതിഷേധം'


പാലാ നഗരസഭ കൗൺസിൽ യോഗങ്ങളിലെ ബഹളങ്ങൾക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം. ജനറൽ ആശുപത്രിയ്ക്ക് കെ.എം മാണിയുടെ പേര് നൽകുന്നതുമായി ബന്ധപ്പെട്ട് ആഴ്ചകളായി കൗൺസിൽ യോഗങ്ങൾ ബഹളമയമാണ്. ഇതിനെതിരെയാണ് ഒരു കൂട്ടം വോട്ടർമാർ എന്ന അടിക്കുറുപ്പോടെ അൽപം രൂക്ഷമായ ഭാഷയിലുള്ള പ്രതികരണം പരക്കുന്നത്. 

സന്ദേശം ഇപ്രകാരം ...

"... പാലാ നഗരസഭയിലെ  കൗൺസിലർമാരോട് ഒരു വാക്ക്:പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് പണിതീർത്ത എന്തിനും മരിച്ചുപോയ നിങ്ങളുടെ നേതാവിൻറെ (K M  മാണിയുടെ) പേര് കൊടുത്തോളൂ , പക്ഷേ ഒന്ന് പെട്ടെന്ന് വേണം,കാരണം കുറച്ചു മാസങ്ങളായി ഈ പേര് പറഞ്ഞ് കൗൺസിലിൽ കിടന്ന് കടിപിടി കൂടുന്ന ചന്തകൾ, തിരഞ്ഞെടുത്ത വിട്ട ഞങ്ങൾക്കു വേണ്ടി എന്തെങ്കിലുമൊക്കെ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പ് ചെയ്തു തരുവാൻ ഇനിയുള്ള കൗൺസിൽ യോഗങ്ങൾ ഉപയോഗിക്കുക.

കുടുംബത്തിൽ പിറന്നവർ എന്ന ഒരു പറച്ചിലുണ്ട്.   മാന്യമായ സംസ്കാരവും പെരുമാറ്റവുമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.  നിങ്ങളിൽ ചിലരുടെ പെരുമാറ്റം കുടുംബത്തിൽ  പിറക്കാൻ പോയിട്ട് ഭൂമിയിലെ പിറവിയെടുക്കാൻ യോഗ്യതയില്ലാത്ത തരത്തിലാണ്. കേരള കോൺഗ്രസിന് ഒരു പാർട്ടി ഓഫീസ് തുറന്നിട്ടുണ്ടല്ലോ  പാലായിൽ. തമ്മിൽ തമ്മിൽ ഉള്ള തെറിവിളിയും തന്തയ്ക്ക്  വിളിയും ഒക്കെ മുനിസിപ്പൽ കൗൺസിൽ  ഹോളിൽ നിന്ന് മാറ്റി, പാർട്ടിയുടെ പാർലമെൻററി പാർട്ടി യോഗം വിളിച്ച് അവിടെ വച്ച് പറയുക. 

ചില വനിതാ പ്രതിനിധികൾ  കൗൺസിൽ യോഗങ്ങളിൽ സ്ഥിരമായി കൂക്കിവിളിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ കിട്ടാറുണ്ട്. സ്വന്തം വീട്ടിൽ കിടന്നു നിങ്ങളിങ്ങനെ കൂകി വിളിക്കുമോ? വിളിച്ചാലും വിരോധമില്ല നാട്ടുകാരുടെ ചിലവിൽ അല്ലല്ലോ. പക്ഷേ കൗൺസിൽ  ഹാളിൽ  കിടന്ന് ഇമ്മാതിരി തെമ്മാടിത്തരം കാണിക്കരുത് എന്നു പറയാനുള്ള അവകാശം മുനിസിപ്പാലിറ്റിയിലെ ഓരോ വോട്ടർമാർക്കും ഉണ്ട്. 

വേറൊരു വിഷയം ചോദിച്ചോട്ടെ? ഈ പടവനും, പാലൂർ പടവിലും, ലീനയും, ബെറ്റി ഷാജുവും, ബിജിയും  എല്ലാം ഒരു കാലത്ത് ചക്കരയും ഈച്ചയും പോലെ ആയിരുന്നല്ലോ. പാർട്ടി പിളർന്നു, വ്യത്യസ്തമായ നിലപാടുകൾ എടുത്തു, തമ്മിൽത്തല്ല് തുടങ്ങി. നിങ്ങളുടെ പാർട്ടി നിങ്ങളുടെ നേതാക്കൾ  അധികാര ഭ്രാന്ത് മൂത്ത് പിളർത്തിയത് ഞങ്ങൾ ജനങ്ങളുടെ കുറ്റം കൊണ്ടല്ലല്ലോ.പിന്നെ എന്തിനാണ് ഞങ്ങളുടെ ചിലവിൽ കിടന്നു കുട്ട  കളിക്കുന്നത്. കൗൺസിൽ ഹാളിലെ എ സി യുടെ  കറണ്ട് കാശ് വരെ പൊതു ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ് ഈടാക്കുന്നത്. ചന്ത പണിക്ക് വേറെ സ്ഥലം കണ്ടെത്തുക,അല്ലെങ്കിൽ നേരത്തെ പറഞ്ഞതുപോലെ സ്വന്തം പാർട്ടി  ഓഫീസിലോ  കുടുംബതോ നടത്തുക. കൗൺസിൽ ഹോളിൽ കിടന്നു മേലാൽ ഇമ്മാതിരി പണി കാണിച്ചാൽ കുറ്റിച്ചൂലുമായി  പൊതുജനം അങ്ങോട്ട് വരും.

നഗരസഭയിൽ കുടിവെള്ള പ്രശ്നം ഉണ്ട്, മാലിന്യ നിർമാർജനത്തിന് പ്രശ്നമുണ്ട്, റോഡുകളുടെ അറ്റകുറ്റപ്പണി നടത്താനുണ്ട്, തെരുവുനായ്ക്കളുടെ പ്രശ്നം ഉണ്ട്... പൊതു ജനങ്ങളെ സംബന്ധിച്ച് അതിനേക്കാൾ വലുതല്ല മരിച്ചുപോയ നേതാവിന് സ്മാരകം. അതുകൊണ്ട്  ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്,ഒരു അപേക്ഷയാണ്. ഇനി അപേക്ഷകൾ ഉണ്ടാവില്ല.
ഇനിയും ഇമ്മാതിരി പോക്രിത്തരം കാണിച്ചാൽ  അടുത്ത തവണ വോട്ട് ചോദിച്ചു വീട്ടിൽ വരുമ്പോൾ പട്ടിയെ  അഴിച്ചു വിടും. 

ഒരു കാര്യം കൂടി ചോദിച്ചോട്ടെ, കെ എം മാണിയുടെ കുടുംബക്കാർക്ക് ഇല്ലാത്ത എന്തു സൂക്കേടാ  നിങ്ങൾക്ക്? മകൻ 
എം പിയോട് സംസ്ഥാന സർക്കാരിന് ഒരു അപേക്ഷ സമർപ്പിക്കാൻ പറയുക. സ്ഥലം അനുവദിച്ചു കിട്ടും.നല്ല സാമ്പത്തികം ഉണ്ടല്ലോ, വേണമെങ്കിൽ കുറച്ചു പിരിവും കൊടുക്കാം, അവിടെ ഒരു പ്രതിമയോ സ്മാരകമോ എന്തെങ്കിലും ഉണ്ടാക്കി ജനങ്ങളെ വെറുതെ വിടുക.

സ്നേഹപൂർവ്വം,

നിങ്ങൾക്ക് വോട്ടു ചെയ്തതിൽ ലജ്ജിക്കുന്ന ഒരു കൂട്ടം ആളുകൾ..."