Latest News
Loading...

ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി


കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയില്‍  നിന്നുള്ള പ്രവേശനകവാടമായ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനെ അദികൃതര്‍ തഴയുന്നതായി ആക്ഷേപം. രാവിലെ 4.00 മുതല്‍ അരമണിക്കൂര്‍ ഒരുമണിക്കൂര്‍ വീതം  ഇടവിട്ട് നിരവധി എക്‌സ്പ്രസ്സ് ട്രെയിനുകള്‍ ഏറ്റുമാനൂര്‍ വഴി കടന്നുപോകുന്നുണ്ടെങ്കിലും ഒരു ട്രെയിന്‍ പോലും ഇവിടെ  നിര്‍ത്താത്തതിനാല്‍ പലരും കിലോമീറ്ററുകള്‍ സഞ്ചരിച്ചു കോട്ടയത്ത് പോയി കയറേണ്ട അവസ്ഥയാണുള്ളത്. 



ജനപ്രതിനിധികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഇല്ലെന്നായതോടെയാണ് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരുടെ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.  വഞ്ചിനാട് എക്‌സ്പ്രസ്സിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നത് വര്‍ഷങ്ങളായുള്ള ഇവിടുത്തെ ജനങ്ങളുടെ ആവശ്യമാണ്. ഇത്തവണ യാത്രക്കാര്‍ ശബ്ദമുയര്‍ത്തിയത് പാലരുവി എക്‌സ്പ്രസ്സിന് വേണ്ടിയായിരുന്നു. രാവിലെ 06.45 ന് ശേഷം ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് യാത്രചെയ്യാന്‍ മറ്റുമാര്‍ഗ്ഗം ഇല്ലാതെ വന്നതാണ് ഏറ്റുമാനൂരുകാരെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്. 

പാലരുവി എക്‌സ്പ്രസ്സ്  കോട്ടയം കഴിഞ്ഞാല്‍ ഏറ്റുമാനൂര്‍ ഒഴികെ എറണാകുളം വരെ എല്ലാ സ്റ്റേഷനിലും നിര്‍ത്തിയാണ് പോകുന്നത്.  നിലവില്‍ കുറുപ്പന്തറ, വൈക്കം സ്റ്റേഷനില്‍ നിന്നും കയറുന്നവരില്‍ ഒരു നല്ല പങ്കും ഏറ്റുമാനൂര്‍ റെയില്‍വേയുടെ സമീപപ്രദേശത്തുനിന്നുള്ളവരാണ്. തീര്‍ത്തും അപ്രധാനമായ മുളന്തുരുത്തിയെ പോലും പരിഗണിച്ചപ്പോള്‍ ഏറ്റുമാനൂരിനെ തഴയുകയായിരുന്നുവെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. 



നിലവില്‍ കോട്ടയം ജില്ലയിലെ ഏറ്റവും ആദായമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ ഏറ്റുമാനൂരിന് പാലരുവിയ്ക്കും വഞ്ചിനാടിനും സ്റ്റോപ്പേജ്  അനുവദിച്ചാല്‍ തന്നെ വരുമാനം ഇരട്ടിയാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എം.ജി യൂണിവേഴ്‌സിറ്റി, ഐസിഎച്ച്,  കാരിത്താസ്,  മംഗളം കോളേജ്,  ഏറ്റുമാനൂരപ്പന്‍ കോളേജ്,  ഐടിഐ ,  ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്,  ഏറ്റുമാനൂര്‍ ക്ഷേത്രം,  അതിരമ്പുഴ പള്ളി  തുടങ്ങി നിരവധി ആരാധനാലയങ്ങളും സ്ഥാപനങ്ങളും ആതുരാലയങ്ങളും ഉള്ള മേഖലയില്‍  എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനിവാര്യമാണെന്നാണ് ആവശ്യം. 

നിവേദനങ്ങള്‍ക്ക് മേലെ വീണ്ടും നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്ന് ഏറ്റുമാനൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് കൂട്ടായ്മകള്‍ അറിയിച്ചു.