Latest News
Loading...

ദൈവജനം വചനത്തിനു മാംസം കൊടുക്കുന്നവരാകണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍


ദൈവജനം വചനം കേള്‍ക്കുന്നവര്‍ മാത്രമാകാതെ വചനത്തിന് മാംസരൂപം കൊടുക്കുന്നവരാകണമെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അഭിപ്രായപ്പെട്ടു. പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്. തെറ്റിദ്ധാരണകളുടെയും വെല്ലുവിളികളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലം ചുറ്റും നില്‍ക്കുമ്പോള്‍ ദൈവത്തിന്റെ വചനവും പരിശുദ്ധാത്മാവും സഭയ്ക്കു ശക്തിപകരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഭാരതസഭയ്ക്കും ആഗോളസഭയ്ക്കും വൈദികരും സിസ്റ്റേഴ്‌സും അല്മായ പ്രേഷിതരുമായി ധാരാളം മിഷനറിമാരെ പ്രദാനം ചെയ്തതില്‍ പാലാ രൂപതയ്ക്ക് ഒന്നാം സ്ഥാനമാണുള്ളത്. ഈ പാരമ്പര്യത്തിന് ഒരിക്കലും കുറവുവരാതെ നവീനമായ പ്രേഷിതമാനങ്ങള്‍ കണ്ടെത്തണമെന്ന് ബിഷപ്പ് നിര്‍ദ്ദേശിച്ചു. ഇതിന് ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ നിറയുകയും അതു മറ്റുള്ളവരുമായി പങ്കുവയ്ക്കുകയുമാണ് മാര്‍ഗ്ഗം. വിമത സ്വരങ്ങള്‍ക്ക് മാധ്യമശ്രദ്ധയും സമൂഹശ്രദ്ധയും കിട്ടുന്ന ഇക്കാലത്ത് ദൈവത്തിന്റെ സ്വരം അവഗണിച്ച് കുടുംബങ്ങളിലും സഭയിലും സാത്താന്‍ പ്രവേശിച്ച് അനൈക്യവും തിന്മയും അസമാധാനവും വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സഭാമക്കള്‍ വളരെ ജാഗ്രതയുള്ളവരായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടനാട് ഫൊറോനാ വികാരി ഫാ. അഗസ്റ്റിന്‍ കൂട്ടിയാനി, തുടങ്ങനാട് ഫൊറോനാ വികാരി ഫാ. തോമസ് പുല്ലാട്ട്, കൂട്ടിക്കല്‍ ഫൊറനാ വികാരി ഫാ. അഗസ്റ്റിന്‍ കിഴക്കേഅരഞ്ഞാണി, അരുണാപുരം ഇടവക വികാരി ഫാ. ജോസഫ് മണ്ണനാല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. 

വൈകിട്ട് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബൈബിള്‍ കണ്‍വന്‍ഷന്‍ കുടുംബത്തിന്റെ വാതിലുകള്‍ ഒരുക്കുകയാണ്. തിരുപിറവിയുടെ സന്ദേശം ലോകത്തെ അറിയിച്ചുകൊണ്ട് നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ഒരുക്കപ്പെടുന്നപോലെ ക്രൈസ്തവ ഹൃദയത്തിന്റെയും കുടുംബത്തിന്റെയും വാതിലുകളൊരുക്കാന്‍ ബൈബിള്‍ കണ്‍വന്‍ഷനുകള്‍ കാരണമാകുമെന്ന് ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് അഭിപ്രായപ്പെട്ടു. ഈശോയ്ക്ക് സ്വീകാര്യമായ സത്ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ നമുക്കാവേണ്ടതുണ്ട്. 

വചനത്തിന്റെ പ്രഘോഷകരും ദൈവസ്‌നേഹത്തിന്റെ സാക്ഷികളുമാകാന്‍ നമുക്കാവണം. ചെറുതായി വലുതാവുകയാണ് ക്രിസ്തീയതയുടെ മൂലമന്ത്രം. ഭൗതിക നേട്ടങ്ങള്‍ക്കായി ദൈവത്തിന്റെ വഴി മാറിയാല്‍ ആരും വലുതാവുന്നില്ല. കുടുംബ പ്രേഷിതത്വത്തിന് ഇന്നു പ്രസക്തിയേറുന്നതായും അടുത്തകാലത്ത് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മിറയം ത്രേസ്യാ നമുക്കു പ്രചോദനമാണെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഫാ. ജോസഫ് പള്ളയ്ക്കല്‍, ഫാ. മാത്യു കുമ്പുളുങ്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

പ്രഭാത സായാഹ്ന കണ്‍വന്‍ഷനില്‍ തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ മിനിസ്ട്രീസ് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ഫാ. പോള്‍ വടക്കേമുറി സി.എം.ഐ, ബ്രദര്‍ ജോണ്‍ പോള്‍, ബ്രദര്‍ ബോണി മാടയ്ക്കല്‍, ബ്രദര്‍ പ്രമീല്‍ തോട്ടയ്ക്കാട്, സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ക്ക് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, ഫാ. കുര്യന്‍ മറ്റം, ഫാ. തോമസ് പനയ്ക്കക്കുഴി,  ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍, ഫാ.  തോമസ് ഓലായത്തില്‍, ഫാ. ജോസഫ് മണിയങ്ങാട്ട്, ഫാ. മാത്യു തുരുത്തിപ്പള്ളില്‍, പൗലോച്ചന്‍ പഴേപറമ്പില്‍, പോള്‍സണ്‍ പൊരിയത്ത്, രാജേഷ് പാട്ടത്തേല്‍കുഴി, ജസ്റ്റിന്‍ കല്ലേക്കുളം, എബ്രാഹം പുള്ളോലില്‍, സണ്ണി അഞ്ചുകണ്ടം, ബേബി നരിക്കാട്ട്, ഷിജു വെള്ളപ്ലാക്കല്‍, ലിന്‍സി കുരിശുംമൂട്ടില്‍, ലില്ലിക്കുട്ടി വരാച്ചേരില്‍, സോഫി വൈപ്പന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.