മൂന്നിലവ് സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപ നഷ്ടപെട്ടതായി പരാതി. മൂന്നിലവ് തെക്കൻ ചേരിൽ ലിജി മോൾ ജോർജിന്റെ പണമാണ് നഷ്ടമായത്. ഇത് സംബന്ധിച്ച് ലിജി മേലുകാവ് പോലീസിലും ബാങ്കിലും പരാതി നൽകി.
ഫെഡറൽ ബാങ്ക് മൂന്നിലവ് ശാഖയിലാണ് ലിജിയുടെ അക്കൗണ്ട്. ശനിയാഴ്ച പുലർച്ചെയാണ് 5 തവണകളായി പണം നഷ്ടപ്പെട്ടത്. 12.57 മുതൽ 19999, 19998, 19997, 19996, 19995 എന്നിങ്ങനെയാണ് തുക പിൻവലിച്ചതായി മെസേജ് ലഭിച്ചത്. രാവിലെ ബാങ്ക് മാനേജർക്കും മേലുകാവ് പോലീസിനും പരാതി നൽകി.
ഒരു ഓൺലൈൻ സൈറ്റിൽ നിന്നും പർച്ചേസ് ചെയ്യുന്നതിനായി അവർ അയച്ച മെസേജ് മറ്റൊരു നമ്പരിലേയ്ക്ക് ലിജി ഫോർവേഡ് ചെയ്തിരുന്നു. പണം നഷ്ടപ്പെട്ടതുമായി ഇതിന് ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ബാങ്കിൽ ലഭിച്ച പരാതി ഇടപാടുകൾ നിരീക്ഷിക്കുന്ന വിഭാഗത്തിന് കൈമാറി.