കഴിഞ്ഞ പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ ചെമ്മലമറ്റം സ്വദേശിയും മീനച്ചില്‍ പഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റുമായ കണിയാപടിക്കല്‍ ജോബിയുടെ ബൈക്ക് കണ്ടെത്തി. തീക്കോയി മാര്‍മല അരുവിയ്ക്ക് സമീപത്തെ കുഴിയില്‍ നിന്നും ഈരാറ്റുപേട്ട നന്മക്കൂട്ടം സംഘമാണ് ബൈക്ക് കണ്ടെത്തിയത്.
നന്‍മക്കൂട്ടം സംഘത്തിലെ ഫൈസല്‍, സാജിദ് എന്നിവര്‍ ഞായറാഴ്ച , പതിവ് പരിശീലനത്തിന്റെ ഭാഗമായി ഇവിടെയത്തിയപ്പോഴാണ് ബൈക്കിന്റെ അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ ഈരാറ്റുപേട്ട പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പോലീസിനൊപ്പം എത്തിയാണ് ബൈക്ക് വെള്ളത്തില്‍ നിന്നും ഉയര്‍ത്തിയത്. അഫ്‌സല്‍, നദീര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ന് ബൈക്ക് സ്റ്റേഷനിലെത്തിച്ചത്. മലവെള്ളപ്പാച്ചിലില്‍ പെട്ട ബൈക്ക് ഛിന്നഭിന്നമായ നിലയിലായിരുന്നു.
2018 ആഗസ്റ്റ് 15-നാണ് ഉരുള്‍പൊട്ടലില്‍ പെട്ട് ജോബിയെ കാണാതായത്. ഭാര്യവീട്ടില്‍ പോയ ജോബി കനത്ത മഴയ്‌ക്കൊപ്പമുണ്ടായ ഉരുളില്‍പെടുകയായിരുന്നു. 2 ദിവസത്തെ തെരച്ചിലിനുശേഷവും ജോബിയുടെ ശരീരഭാഗങ്ങളും വസ്ത്രങ്ങളും പഴ്‌സും മാത്രമാണ് ലഭിച്ചത്.
ബൈക്ക് ഈരാറ്റുപേട്ട സ്റ്റേഷനിലേയ്ക്ക് മാറ്റി. ജോബിയുടെ വാഹനം തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമെ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.