മീനച്ചില്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. ചുരുങ്ങിയ കാലം കൊണ്ട് മനോഹരമായ കെട്ടിടം പൂര്‍ത്തീകരിച്ച ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു. പദ്ധതി നിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ത്രിതല പഞ്ചായത്തുകള്‍ അവസാനമൂന്ന് മാസം കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കണം. അടുത്തവര്‍ഷത്തേയ്ക്കുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴേ തുടങ്ങണം. 9 മാസക്കാലം തുടര്‍ന്ന മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സര്‍ക്കാരിന്റെ മാത്രം പ്രശ്‌നമായി കാണരുത്. ജിഎസ്ടി നടപ്പാക്കിയതില്‍ വലിയ പാളിച്ച സംഭവിച്ചു. നികുതി പിരിച്ചെടുക്കാന്‍ കഴിയുന്ന സംവിധാനമേര്‍പ്പെടുത്തിയല്ല ജിഎസ്ടി നടപ്പാക്കിയത്. ഇത് രാഷ്ട്രീയവിമര്‍ശനമല്ല. കേന്ദ്ര ജിഎസ്ടിയില്‍ വലിയ കുറവാണുണ്ടായത്. അതിനാലാണ് കേന്ദ്രത്തിന് റിസര്‍വ് ബാങ്കില്‍ നിന്നും കടമെടുക്കേണ്ടിവന്നത്. രാജ്യവ്യാപകമായി മാന്ദ്യത്തിന്റെ പശ്ചാത്തലമാണുള്ളത്. കേന്ദ്രത്തെയും സംസ്ഥാനത്തെയും ഇത് ബാധിക്കുകയാണ്.
മാലിന്യനിക്ഷേപം തടയാന്‍ ജനകീയ കമ്മറ്റികളുണ്ടാവണം. നദികളിലേയ്ക്ക് മാലിന്യനിക്ഷേം പൂര്‍ണമായും തടയണം. ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ നടപ്പാക്കുന്ന ഇനി ഞാനൊഴുകട്ടെ എന്ന നദീസംരക്ഷണ പദ്ധതിയോട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ മാണി സി കാപ്പന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കോണ്‍ഫറന്‍സ് ഹാളിന് എംഎല്‍എ ഫണ്ടില്‍ നിന്നും 34 ലക്ഷം രൂപ അനുവദിക്കുന്നതായി എംഎല്എ പ്രഖ്യാപിച്ചു. ജിംനേഷ്യം സ്ഥാപിക്കാനും എംഎല്‍എ തുക പ്രഖ്യാപിച്ചു.
ജോസ് കെ മാണി എം പി ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോയി ഇളമണ്‍, എം പി അജിത് കുമാര്‍, ബിനു ജോണ്‍, ടെസ്സ് പി മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പെണ്ണമ്മ തോമസ്, ബേറ്റി റോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് പ്ളാക്കൂട്ടം, മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിബു പൂവേലില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.