Latest News
Loading...

നാട്ടുചന്തയിലെത്തിയ മാണി സി കാപ്പന്‍ മടങ്ങിയത് മുട്ടനാടുമായി


പാലാ പൊന്‍കുന്നം റോഡിലെ കുരുവിക്കൂട് നാട്ടു ചന്തയിലെത്തിയ മാണി.സി.കാപ്പന്‍ എം.എല്‍.എ മടങ്ങിയത് മുട്ടനൊരു ആടുമായി.  അപ്രതീക്ഷിതമായിട്ടായിരുന്നു നിയോജക മണ്ഡല പരിധിയിലുള്ള കുരുവിക്കൂട്ടിലേയ്ക്ക് എംഎല്‍എയെത്തിയത്. 



ചന്തദിവസമായ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് എംഎല്‍എയെത്തിയത്. നാട്ടുചന്തയിലേക്ക് കാര്‍ഷിക വിഭവങ്ങളും, വളര്‍ത്തു മൃഗങ്ങളുമായി നാട്ടുകാര്‍ എത്തിതുടങ്ങുന്നതിന് മുന്നേതന്നെ എംഎല്‍എ സ്ഥലത്തെത്തി. എംഎല്‍എ എത്തുമ്പോള്‍ മുട്ടനാടിന്റെ ലേലം പുരോഗമിക്കുകയായിരുന്നു. ഇതോടെ  കാപ്പനും ലേലത്തില്‍ പങ്കെടുത്തു. എം.എല്‍.എ എത്തിയതറിഞ്ഞതോടെ ജനവും കൂടി. ഒടുവില്‍ 16OOO രൂപയ്ക്ക് എംഎല്‍എ തന്നെ ആടിനെ സ്വന്തമാക്കി. ഒരു നേന്ത്രക്കുലയും, ചേനയും കൂടി വാങ്ങിയാണ് എംഎല്‍എ മടങ്ങിയത്.  



എലിക്കുളം ഗ്രാമപഞ്ചായത്തും, കൃഷി വകുപ്പും തളിര്‍പച്ചക്കറി ഉല്പാദക സംഘവും സംയുക്തമായി എല്ലാ വ്യാഴാഴ്ചദിവസവുമാണ് കുരുവിക്കൂട് കവലയില്‍ നാട്ടുചന്ത നടക്കുന്നത്. കാര്‍ഷിക വിഭവങ്ങളും,വളര്‍ത്തു മൃഗങ്ങളും, തനി നാടന്‍ ഉല്പന്നങ്ങളുമാണ് നാട്ടുചന്തയിലെ ആകര്‍ഷണം.  എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാത്യൂസ് പെരുമനങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റോസ്മി ജോബി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അലക്‌സ് എം റോയ്, തളിര്‍ പച്ചക്കറി ഉല്പാദക സംഘം ഭാരവാഹികളായ ബേബി വെച്ചൂര്‍, സാവിച്ചന്‍ പാംപ്ലാനിയില്‍, ചന്ദ്രശേഖരന്‍ നായര്‍ കണ്ണമുണ്ടയില്‍, ജിബിന്‍ വെട്ടം, അനില്‍കുമാര്‍ മഞ്ചക്കുഴിയില്‍, രാജു അമ്പലത്തറ എന്നിവരും ഇന്ന് ചന്തയില്‍ നടപടികള്‍ക്ക് നേതൃത്വം വഹിച്ചു.

Join Telegram Channel- Click Here