വൈവിധ്യമേറിയ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പാല മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന സംസ്ഥാനതല പ്രദര്‍ശന വില്‍പ്പന മേള സജീവമാകുന്നു. ക്രിസ്മസ് വിപണി ഉണര്‍ന്നതോടെ ഒരാഴ്ചയായി നടക്കുന്ന മേളയില്‍ തിരക്കേറി. കൈത്തറി വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വന്‍ശേഖരമാണ് മേളയെ ആകര്‍ഷകമാക്കുന്നത്.
കേന്ദ്ര ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍റെയും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പി.എം.ഇ.ജി.പി എക്സ്പോ 2019 പ്രദര്‍ശന മേള ഒരുക്കിയിരിക്കുന്നത്. വിവിധ ജില്ലകളിലെ സംരംഭകര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍, എള്ളെണ്ണ, തേന്‍, ആറډുള കണ്ണാടി, ഭക്ഷ്യവസ്തുക്കള്‍, മുള ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ആയുര്‍വേദ മരുന്നുകള്‍, അടുക്കള ഉപകരണങ്ങള്‍, പ്ലാസ്റ്റിക് കലരാത്ത പേപ്പര്‍ ഉത്പന്നങ്ങള്‍, തുടങ്ങിയവ ഇവിടെ ലഭ്യമാണ്. കളിമണ്‍ ഉത്പന്ന നിര്‍മ്മാണ പ്രദര്‍ശനവും തത്സമയം കാണാം.
ഖാദി ഉത്പന്നങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റും മേളയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമേറിയ ഉത്പന്നങ്ങള്‍ ന്യായമായ വിലയില്‍ ഇവിടെ നിന്നും വാങ്ങാം. ചെറുകിട ഉത്പാദകരുടെ ഗുണനിലവാരമുള്ള സാധനങ്ങള്‍ക്ക് മാത്രമാണ് മേളയില്‍ സ്ഥാനം. പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയായ പി.എം.ഇ.ജെ.പി ഉള്‍പ്പെടെ ഖാദി ബോര്‍ഡിന്‍റെയും ഖാദി കമ്മീഷന്‍റെയും വിവിധ സ്കീമുകളിലൂടെ ലഭിക്കുന്ന ധനസഹായത്തെക്കുറിച്ച് മേളയില്‍ പരിചയപ്പെടാന്‍ അവസരമുണ്ട്.
ഖാദിബോര്‍ഡിന്‍റെയും ഖാദി കമ്മീഷന്‍റെയും വിവിധ പദ്ധതികള്‍ മുഖാന്തിരം ധനസഹായം ലഭിച്ച് ചെറുകിട വ്യവസായങ്ങള്‍ നടത്തുന്നവരുടെ സംരംഭക സംഗമവും പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്നു. മേള 24 ന് അവസാനിക്കും.