ഒന്നിനും സമയമില്ലാതെ ആളുകള്‍ പായുന്ന കാലത്ത് ഒന്നരമണിക്കൂര്‍ വരെ നീളുന്ന കുര്‍ബാനകളുടെ നീളം കുറയ്ക്കാന്‍ സീറോ മലബാര്‍ സഭാ നീക്കം. ആവര്‍ത്തന പ്രാര്‍ത്ഥനകളും പുതിയ തിരുത്തലുകളും വരുത്തുന്നതോടെ ദൈര്‍ഘ്യം താരതമ്യേന കുറയുമെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച കുര്‍ബാനകളില്‍ വിശ്വാസികളുടെ എണ്ണം വര്‍ധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
വിശുദ്ധ കുര്‍ബാനയുടെ തുടക്കത്തില്‍ ചൊല്ലിയിരുന്ന സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന, കുര്‍ബാനയുടെ അവസാനഭാഗത്ത് വീണ്ടും ചൊല്ലിയിരുന്നത് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ഇപ്പോഴത്തെ ആരാധനാക്രമം നിലവില്‍ വന്ന ശേഷം കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ആവശ്യമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ വത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.
ഇടദിവസങ്ങളില്‍ 45 മിനുട്ട് വരെ നീളുന്ന കുര്‍ബാന ഞായറാഴ്ചകളില്‍ ഒന്നു മുതല്‍ ഒന്നരമണിക്കൂര്‍ വരെയാണ്. പ്രസംഗം ഉള്‍പ്പെടുത്തുന്നതും സമയം കൂടാന്‍ കാരണമാണ്. പ്രസംഗം 8 മിനുട്ടില്‍ കൂടരുതെന്ന മാര്‍പ്പാപ്പയുടെ അഭിപ്രായവും പുതിയ നിര്‍ദേശങ്ങളില്‍ പരിഗണിക്കപ്പെടും.
പ്രാര്‍ത്ഥനകളില്‍ ദൈവശാസ്ത്ര പരമായ തിരുത്തലുകളും ആവര്‍ത്തനങ്ങള്‍ ഒഴിവാക്കുകയുമാണ് ചെയ്യുക. ഗാനങ്ങള്‍ വൈദികനും വിശ്വാസികളും ആവര്‍ത്തിക്കുന്നത് ഒഴിവാക്കുന്നതും ദൈര്‍ഘ്യം കുറയ്ക്കും. എന്നാല്‍ ഇവയൊന്നും നിര്‍ബന്ധിതമായി നടപ്പാക്കില്ല.
അടുത്ത സിനഡിലാവും ഈ ശുപാര്‍ശ പരിഗണിക്കപ്പെടുക. ലിറ്റര്‍ജിക്കല്‍ കമ്മറ്റി വിഷയം സിനഡിന് സമര്‍പ്പിക്കുകയും ഇത് രൂപതകളിലേയ്ക്ക് അയയ്ക്കുകയും ചെയ്യും. ഇവിടെനിന്നുള്ള പ്രതികരണങ്ങള്‍ കൂടി ചേര്‍ത്ത് മെത്രാന്‍ സമിതി അന്തിമശുപാര്‍ശ നല്‍കും. തുടര്‍ന്ന് അന്തിമാനുമതിയ്ക്കായി വത്തിക്കാനിലേയ്ക്ക് അയയ്ക്കുകയും സിനഡില്‍ പരിഗണിക്കുകയും ചെയ്യും.