കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന പരാതിയിൽ മാണിസി കാപ്പൻ എംഎൽഎയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. പ്രവാസി വ്യവസായി അടക്കം നാലുപേർ നൽകിയ പരാതിയിലാണ് കാപ്പൻ കുറ്റക്കാരൻ എന്ന് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഒരു വർഷം മാത്രം ശിക്ഷയുള്ളതിനാൽ എംഎൽഎ സ്ഥാനത്തിന് അയോഗ്യത ഉണ്ടാവില്ല. 5.3 കോടി രൂപ നഷ്ടപരിഹാരവും നല്‍കണം.
.മുംബൈ ബോറിവില്ലി കോടതിയാണ് ശിക്ഷ വിധിച്ചത്. 2015 മുതലാണ് കാപ്പനെതിരെ കോടതി നടപടികൾ ആരംഭിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. മുംബൈ സ്വദേശിയായ ദിനേശ് മേനോൻ ആണ് പ്രധാന പരാതിക്കാരൻ. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും കേസ് എത്തിയിരുന്നു എങ്കിലും മുന്നോട്ടു പോയിരുന്നില്ല. തുടർന്ന് ദിനേശ് മേനോൻ മുംബൈയിലെ കോടതിയെ സമീപിക്കുകയായിരുന്നു. വിശദമായി വാദം കേട്ടതിനൊടുവിൽ ആണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
.എംഎൽഎ സ്ഥാനത്തിന് അയോഗ്യത നേരിടേണ്ടി വരില്ലെങ്കിലും ക്യാബിനറ്റ് പദവി അടക്കം പരിഗണിക്കപ്പെടുന്ന കാപ്പന് കോടതിവിധി തിരിച്ചടിയാണ്. കാപ്പൻ ഇന്ന് കോടതിയിൽ ഹാജർ ആയിരുന്നില്ല. 5.3 കോടിയുടെ നാല് ചെക്ക് കേസുകളാണ് ഉണ്ടായിരുന്നത്. അതിൽ നാലിലും ഉത്തരവ് വന്നിട്ടുണ്ട്. എന്നാൽ ശിക്ഷ കാലാവധി ഒരുമിച്ചു അനുഭവിച്ചാൽ മതി.
.ശിക്ഷാവിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി. താന്‍ ഹാജരാകാതെ എങ്ങനെ വിധി പറയുമെന്നും മാണി സി കാപ്പന്‍ ചോദിക്കുന്നു. കേസ് തനിക്ക് എതിരായ ഗൂഢാലോചനയാണെന്നും ആര്‍ക്കും പണം കൊടുക്കാന്‍ ഇല്ലെന്നുമാണ് മാണി സി കാപ്പന്റെ വാദം. തനിക്ക് ഉടന്‍ ലഭിക്കുന്ന പദവി തടയുക ആണ് ലക്ഷ്യം എന്നും മാണി സി കാപ്പന്‍ ആരോപിക്കുന്നു.
.






0 Comments