മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓർമ്മ സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ മാർ ഗീവർഗീസ് സഹദാ ഫൊറോനാ - തീർത്ഥാടന പള്ളിയിൽ സമചിതമായി ആചരിച്ചു. നവംബർ 21 ക്രിസ്തു ശിഷ്യനായ മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓർമ്മയായി പൂർവികർ ആചരിച്ചുവന്നിരുന്ന മഹാദിനമാണ്. ഈ ഓർമ്മയുടെ ദിവസത്തിൻ്റെ സായാഹ്ന നമസ്കാരത്തോടെ ഇരുപതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ആചരണ ചടങ്ങുകൾ ആരംഭിച്ചു. 

.മാർ തോമാ ശ്ലീഹായിലൂടെ കൈമാറി കിട്ടിയ ഈശോയുടെയും മർത്ത് മറിയത്തിന്റെയും ശ്ലീഹന്മാരുടെയും പാരമ്പര്യമായ സുറിയാനി ഭാഷയിലും ആരാധനാക്രമത്തിലും 20 നൂറ്റാണ്ടുകൾ വളർന്നുവന്ന നസ്രാണി പൈതൃകത്തിന്റെ പ്രകാശനമായി മാറി റംശാ നമസ്കാരം. സായാഹ്ന നമസ്കാരത്തിന് ശേഷം അഭിവന്ദ്യ പിതാക്കന്മാരെ സമ്മേളന ഹാളിലേക്ക് സ്വീകരിച്ച് ആനയിച്ചു. മാർ തോമാ ശ്ലീഹായുടെ അവിഭക്ത ഭാരതത്തിലെ ഉത്തരേന്ത്യയിലുള്ള ഒന്നാം പ്രേഷിത യാത്രയും മലങ്കര യിലേക്കുള്ള രണ്ടാം പ്രേഷിത യാത്രയും അനുസ്മരിപ്പിക്കുന്ന ദൃശ്യാവിഷ്കാരത്തോടെ സമ്മേളനം ആരംഭിച്ചു. 



.വികാരി വെരി റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ സ്വാഗതം ആശംസിച്ച യോഗത്തിന് പാലാ രൂപത മെത്രാനും സീറോ മലബാർ സഭ, സി ബി സി ഐ, കെ സി ബി സി എക്യുമെനിക്കൽ കമ്മീഷനുകളുടെ ചെയർമാനുമായ അഭി. മാർ ജോസഫ് കല്ലറങ്ങാട്ട് അപ്പെസ്കോപ്പാ അധ്യക്ഷത വഹിച്ചു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം- കൊച്ചി ഭദ്രാസനത്തിന്റെ അധ്യക്ഷൻ അഭി. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പാ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ സൂനഹദോസിന്റെ സെക്രട്ടറിയും നിരണം ഭദ്രാസനത്തിന്റെ അധ്യക്ഷനുമായ അഭി. യൂഹാനോൻ മാർ ക്രിസോസ്തമോസ് മെത്രാപ്പോലീത്താ എന്നിവരും സന്നിഹിതരായിരുന്നു. ശ്ലൈഹീക പൈതൃകത്തിന്റെ ഇടമുറിയാത്ത പാരമ്പര്യം അതിൻ്റെ തനിമയിൽ കാത്തുസൂക്ഷിക്കാൻ മാർത്തോമ്മാ നസ്രാണികൾ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. 



.യൂദാ തോമായുടെ നടപടികൾ, മാർഗംകളി, റമ്പാൻ പാട്ട് തുടങ്ങിയ പൗരാണിക തെളിവുകളെയും വർത്തമാന പുസ്തകം പോലെയുള്ള ആധുനിക കൃതികളെയും നസ്രാണികൾ കൂടുതൽ പഠന വിഷയമാക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലോകമെമ്പാടുമുള്ള നസ്രാണി യുവാക്കൾ നസ്രാണി പൈതൃകങ്ങൾ പഠിക്കുന്നതിലും പാലിക്കുന്നതിലും സഭയുടെ ഔദ്യോഗിക ആഹ്വാനമനുസരിച്ച് നഷ്ടപ്പെട്ട പൗരസ്ത്യ തനിമകൾ വീണ്ടെടുക്കുന്നതിലും കാണിക്കുന്ന താൽപര്യം പ്രതീക്ഷാവഹമാണെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മാർ തോമാ ശ്ലീഹായുടെ പ്രേഷിത പ്രവർത്തനം നടന്ന നിരണം, നിലയ്ക്കൽ, അരുവിത്തുറ മുതലായ ദേശങ്ങളിൽ വസിക്കുന്നവർ തങ്ങളുടെ ലെഗസി തലമുറകൾക്ക് കൈമാറണമെന്ന് യൂഹാനോൻ മാർ ക്രിസോസ്തമോസ് അനുഗ്രഹപ്രഭാഷണത്തിൽ സൂചിപ്പിച്ചു. ലോകം മുഴുവൻ ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്നത് ക്രൈസ്തവരാണെന്നും ഭാരതത്തിലും പലതരത്തിലുള്ള ക്രൈസ്തവ പീഡനങ്ങൾ അരങ്ങേറുന്നുണ്ടെന്നും നമ്മൾ ശ്രദ്ധിക്കുകയും പ്രാർത്ഥനാ വിഷയമാക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മാർ തോമാ ശ്ലീഹായുടെ ധൈര്യവും ചൈതന്യവും വിവിധ സഭകളിലും പാരമ്പര്യങ്ങളിലുമാണെങ്കിലും അദ്ദേഹത്തിൻ്റെ മക്കളും സഹോദരീ സഭകളും എന്ന നിലയിൽ മാർത്തോമാ നസ്രാണികൾ കാത്തുസൂക്ഷിക്കണമെന്ന് തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പാ ഉപദേശിച്ചു. നസ്രാണി ജാത്യൈക്യ സംഘം ( NJS) പ്രസിഡണ്ടും മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ ജോയിൻറ് സെക്രട്ടറിയുമായ ഷെവലിയാർ ഉമ്മച്ചൻ വേങ്കടത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാർത്തോമാ നസ്രാണികൾ ഐക്യത്തിൽ ഒന്നിച്ചു നിന്നില്ലെങ്കിൽ ന്യൂനപക്ഷമായ ക്രൈസ്തവർ വിശേഷിച്ച് നസ്രാണി സമുദായം സമസ്ത മേഖലകളിലും അവഗണിക്കപ്പെടുമെന്നും ഇതിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് മഹാന്മാരായ പുലിക്കോട്ടിൽ, നിധീരിക്കൽ പിതാക്കന്മാർ ആരംഭിച്ച നസ്രാണി ജാത്യൈക്യ സംഘം പുനരേകീകരിച്ചതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പാലാ രൂപതയിലെ കുടുംബങ്ങളിൽ ഉപയോഗിക്കാനുള്ള നസ്രാണി കലണ്ടറും നസ്രാണികളുടെ ഐക്യത്തിനായുള്ള നസ്രാണി ജാത്യൈക്യ സംഘം പ്രസ്ഥാനത്തിൻ്റെ വിവരങ്ങൾ അടങ്ങിയ ലഘുലേഖയും ചടങ്ങിൽ പ്രകാശിപ്പിച്ചു. സീറോ മലബാർ സഭ എക്യുമെനിസം കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ സമ്മേളനത്തിന് കൃതജ്ഞത രേഖപ്പെടുത്തി.