മീനച്ചിൽ പഞ്ചായത്തിലെ കുറ്റിലത്ത് കനത്ത മഴയെ തുടർന്ന് 15 അടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തി തകർന്ന സമീപത്തെ വീടിൻറെ പിന്നിലേക്ക് പതിച്ചു. ഇന്നലെ പെയ്ത കനത്ത മഴയിലാണ് സംഭവം. കുറ്റിലം മുള്ളനാനിക്കൽ ജിജോ ജോഷിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്. അടുത്തമാസം ഗൃഹപ്രവേശന ചടങ്ങ് നടത്താനിരിക്കവെയാണ് സംഭവം. കെട്ട് ബലവത്ത് അല്ലെന്നും അപകടം ഉണ്ടാകുമെന്നും വസ്തു ഉടമയെയും പിന്നീട് അധികൃതരെയും അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
.50 അടിയോളം നീളത്തിൽ ഉയരത്തിലുള്ള കെട്ട് തകർന്നുവീഴാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ജിജോയുടെ പിതാവ് ജോഷി പഞ്ചായത്ത് മെമ്പറോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് ആർ ഡി ഒയ്ക്കും പരാതി നൽകി. തുടർന്ന് വില്ലേജ് ഓഫീസർ വന്ന് പരിശോധന നടത്തി. ഒരുമാസമായിട്ടും ഇതിൽ നടപടി ഉണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇന്നലെ കെട്ട് തകർന്നത്.
.ഉദ്യോഗസ്ഥർ സമീപവാസിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് ജോഷി പറഞ്ഞു. കെട്ട് അപകടാവസ്ഥയിൽ ആണെന്നും പൊളിച്ചു പണിയണമെന്നും മാത്രമാണ് ആവശ്യപ്പെട്ടത്. പരാതിയിൽ കൃത്യമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്നും ജോഷി ചൂണ്ടിക്കാട്ടി.
.തകർന്നുവീണ കെട്ടിന്റെ കല്ലുകൾ പതിച്ച് പുതിയ വീടിന് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വീടിൻറെ ഭിത്തിക്കും വാതിലിനും തകരാർ സംഭവിച്ചു. വിദേശത്തുള്ള ജിജോയും കുടുംബവും അടുത്തമാസം നാട്ടിലെത്തി ഗൃഹപ്രവേശന ചടങ്ങ് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. സംഭവത്തെ തുടർന്ന് ഇന്നലെ പോലീസ് സ്ഥലത്തെത്തിയിരുന്നു.
.





0 Comments