Latest News
Loading...

സി.വൈ.എം.എൽ ഇടിച്ചുനിരത്തിയത് സി.സി.ടി.വി. ദൃശ്യങ്ങൾ തെളിവാക്കണം: ഹൈക്കോടതി



പാലാ കുരിശുപള്ളിക്ക് സമീപം 1947ൽ സ്ഥാപിച്ച കൾച്ചറൽ യങ്ങ് മെൻസ് ലീഗ് ആൻഡ് ലൈബ്രറി (സി.വൈ.എം.എൽ) തകർത്ത സംഭവത്തിൽ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് കോടതിയിൽ സമർപ്പിക്കാൻ പാലാ പോലീസിന് ഹൈക്കോടതി നിർദ്ദേശം.

പാലാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 417/2026 കേസുമായി ബന്ധപ്പെട്ട് സി.വൈ.എം.എൽ പ്രസിഡന്റ് സതീഷ് കെ. മണർകാട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്



.2026 ഫെബ്രുവരി 3ന് പുലർച്ചെ 1.10ഓടെയാണ് സി.വൈ.എം.എൽ കെട്ടിടം തകർത്തതെന്നാണ് ഹർജിയിലെ ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ കുരിശുപള്ളിക്ക് സമീപത്തെ എൽ.ഐ.സി പ്രീമിയം പോയിന്റ് കളക്ഷൻ സെന്ററിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് അറിയിച്ചിട്ടും അവ ശേഖരിക്കാൻ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു.


.കേസിലെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും നിഷ്പക്ഷമായാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച പ്രസ്താവനയിൽ സി.സി.ടി.വി ദൃശ്യങ്ങൾ സംബന്ധിച്ച് പരാമർശമില്ലെന്ന് കോടതി നിരീക്ഷിച്ചു.

തുടർന്ന്, സി.സി.ടി.വി ദൃശ്യങ്ങൾ അടിയന്തരമായി ശേഖരിക്കാനും ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് സമർപ്പിക്കാനും പാലാ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് ഒക്ടോബർ 9ന് വീണ്ടും പരിഗണിക്കും.



.നൂറുകണക്കിന് ആളുകൾ നേരിട്ടും ആയിരങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെയും കെട്ടിടം പൊളിക്കുന്നതും പോലീസിന്റെ സാന്നിധ്യത്തിൽ സ്ഥാവര-ജംഗമ വസ്തുക്കൾ കടത്തിക്കൊണ്ടുപോകുന്നതും കണ്ടിട്ടും തെളിവുകൾ നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്നാണ് സി.വൈ.എം.എൽ ഭാരവാഹികളുടെ ആരോപണം. എസ്.എച്ച്.ഒ, ഡി.വൈ.എസ്.പി, ജില്ലാ പോലീസ് മേധാവി, മജിസ്ട്രേറ്റ് കോടതി, ആഭ്യന്തരമന്ത്രി എന്നിവരെ സമീപിച്ചിട്ടും നീതി ലഭിക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

 

വാർത്താസമ്മേളനത്തിൽ സി.വൈ.എം.എൽ പ്രസിഡന്റ് സതീഷ് കെ. മണർകാട്, വൈസ് പ്രസിഡന്റ് സോണി വലിയകാപ്പിൽ, ട്രഷറർ അനൂപ് ടെൻസൻ, ജോയിന്റ് സെക്രട്ടറി സജി പുളിക്കൽ, ജനറൽ സെക്രട്ടറി റെജി ജോർജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു ജോസഫ്, ഷാജി മാത്യു എന്നിവർ പങ്കെടുത്തു.



.

Post a Comment

0 Comments