കർഷകർക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയും കാരുണ്യപ്രവർത്തനങ്ങളിലൂടെയും പാലായുടെ പൊതുരംഗത്ത് ശ്രദ്ധേയനായ കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുംപള്ളിലിനെ അനുസ്മരിച്ചു. ഏഴാച്ചേരി സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ നടന്ന സംസ്കാരച്ചടങ്ങുകൾക്കു പിന്നാലെ പള്ളിയങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും കർഷക സംഘടനകളുടെയും നേതാക്കൾ പങ്കെടുത്തു.
കേരള കോൺഗ്രസ് എമ്മിന്റെ വളർച്ചയ്ക്കായി കെ.എം. മാണിയോടൊപ്പവും തുടർന്ന് ജോസ് കെ. മാണിക്കൊപ്പവും പ്രവർത്തിച്ച അപ്പച്ചൻ നെടുംപള്ളിൽ, കർഷക യൂണിയന്റെ പ്രവർത്തനങ്ങൾക്ക് പതിറ്റാണ്ടുകളോളം നേതൃത്വം നൽകി. രാമപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നു.
.82-ാം വയസ്സിലും കർഷകരുടെ അവകാശങ്ങൾക്കായി പോരാടാനുള്ള അദ്ദേഹത്തിന്റെ ആവേശം കുറഞ്ഞിരുന്നില്ല. രാസവളങ്ങളുടെയും കീടനാശിനികളുടെയും വിലവർധനവിനെതിരെ സെപ്റ്റംബർ 13ന് പാലാ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ കർഷക യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ധർണയും പ്രകടനവും ഇതിന് ഉദാഹരണമായി നേതാക്കൾ അനുസ്മരിച്ചു. അനാരോഗ്യം മൂലം നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്നിട്ടും നൂറുകണക്കിന് കർഷകരെ സമരത്തിൽ അണിനിരത്താനും അവർക്ക് ആവേശം പകരാനും അദ്ദേഹത്തിനു കഴിഞ്ഞു.
.കാരുണ്യ പ്രവർത്തനങ്ങൾക്കും അപ്പച്ചൻ നെടുംപള്ളിൽ പ്രത്യേക പ്രാധാന്യം നൽകിയിരുന്നു. എല്ലാ വർഷവും കാരുണ്യദിനത്തോടനുബന്ധിച്ച് വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാനും അന്നദാനം സംഘടിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കർഷകരുടെ അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട അദ്ദേഹത്തിന്റെ ജീവിതം പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് അനുസ്മരണ യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി അപ്പച്ചൻ നെടുംപള്ളിലിന്റെ ഭൗതികദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
.കേരള കോൺഗ്രസ് എം രാമപുരം മണ്ഡലം പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്താറാം, വിജയകുമാർ വാഴചാരിക്കൽ (സിപിഎം), പയസ് ആഗസ്റ്റിൻ (സിപിഐ), സണ്ണി കാര്യപുറം (കോൺഗ്രസ്), എൻ.ആർ. വിഷ്ണു (സിപിഎം), ടോബിൻ കെ. അലക്സ്, പി.എം. മാത്യു, ബൈജു പുതിയിടത്തുചാലിൽ, അലക്സ് തെങ്ങുംപള്ളിക്കുന്നേൽ (കേരള കോൺഗ്രസ് എം), ഡാന്റീസ് കൂനാനിക്കൽ, കെ. ഭാസ്കരൻ നായർ (കർഷക യൂണിയൻ എം), എം.എച്ച്. ഹാഫീസ് (കർഷക യൂണിയൻ), എം.ഒ. ശ്രീക്കുട്ടൻ (ബിജെപി), ടോമി മാത്യു തകിടിയേൽ, ജോർജ്കുട്ടി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
കർഷകർക്കുവേണ്ടിയുള്ള സമരങ്ങളും കാരുണ്യപ്രവർത്തനങ്ങളും വഴി ജനഹൃദയങ്ങളിൽ ഇടം നേടിയ അപ്പച്ചൻ നെടുംപള്ളിലിന്റെ ഓർമകൾ എന്നും നിലനിൽക്കുമെന്ന് യോഗം അനുസ്മരിച്ചു.
.





0 Comments