പതിറ്റാണ്ടുകളായി പാലാ നഗരത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ നഗരസഭാ സൈറൺ തുടരും. സൈറൺ മുഴക്കുന്നത് നിർത്തിവയ്ക്കണമെന്ന പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദ്ദേശം തൽക്കാലം നടപ്പാക്കേണ്ടതില്ലെന്ന് നഗരസഭാ കൗൺസിൽ ഏകകണ്ഠമായി തീരുമാനിച്ചു. വിഷയത്തിൽ കൂടുതൽ വ്യക്തത തേടി പ്രിൻസിപ്പൽ ഡയറക്ടർക്ക് കത്ത് നൽകാനും ഇന്നുചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു.



.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ സൈറൺ മുഴക്കുന്നത് നിർത്തിവയ്ക്കണമെന്ന നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം കൗൺസിൽ പരിഗണിച്ചത്. ഹൈക്കോടതി വിധിയുടെ വ്യാപ്തി, പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദ്ദേശത്തിന്റെ പ്രായോഗികത, മറ്റ് നഗരസഭകളിലെ നിലവിലെ സാഹചര്യം എന്നിവ സംബന്ധിച്ച് വ്യക്തത ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് കൗൺസിലിന്റെ തീരുമാനം.



.വിഷയത്തിൽ കൗൺസിലർ ഷാജു തുരുത്തൻ വൈകാരികമായി പ്രതികരിച്ചു. കണ്ണൂർ നഗരസഭയുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി വിധി വന്നതെന്നും, ആ വിധി ചോദ്യം ചെയ്യാൻ നഗരസഭ തയ്യാറായില്ലെങ്കിൽ സ്വന്തം ചെലവിൽപ്പോലും നിയമനടപടി സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.


.പാലായുടെ സൈറൺ വെറും മുന്നറിയിപ്പ് ശബ്ദമല്ലെന്നും നഗരത്തിന്റെ വികാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും ഷാജു തുരുത്തൻ വ്യക്തമാക്കി.

രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് എന്നിങ്ങനെ പതിവായി മുഴങ്ങുന്ന നഗരസഭാ സൈറൺ വർഷങ്ങളായി പാലായുടെ പൊതുജീവിതത്തിന്റെ ഭാഗമാണ്. സൈറൺ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് നിയമപരമായ വ്യക്തത തേടാനാണ് നഗരസഭയുടെ നീക്കം. ഇതോടെ സൈറൺ ഉടൻ നിലയ്ക്കില്ലെന്ന ആശ്വാസത്തിലാണ് നഗരവാസികൾ.




.