കടനാട്: സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. കടനാട് ഗ്രാമപഞ്ചായത്തിലെ ആയുഷ്മാൻ ആരോഗ്യ മന്ദിർ മെയിൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി അടുത്തയാഴ്ച ചർച്ച നടത്തും. സാധ്യമായ നിയമനങ്ങൾ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
.റോബോട്ടിക് ചികിത്സ ഉൾപ്പെടെയുള്ള ആധുനിക ചികിത്സാ സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ കൊണ്ടുവരും. കോഴിക്കോട് മെഡിക്കൽ കോളേജിൽ പരീക്ഷണാടിസ്ഥാനത്തിൽ വെർച്വൽ ഓട്ടോപ്സിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
.പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഹെൽത്ത് ഗ്രാന്റിൽ ഉൾപ്പെടുത്തി 55.5 ലക്ഷം രൂപ ചെലവഴിച്ചാണ് കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചുള്ള ആയുഷ്മാൻ ആരോഗ്യ മന്ദിർ മെയിൻ സെന്റർ നിർമിച്ചത്. പ്രാഥമിക ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനും ആരോഗ്യപരിപാലന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും കേന്ദ്രം സഹായകരമാകും.
.ഒ.പി. സേവനം, പ്രതിരോധ കുത്തിവയ്പ്, നവജാത ശിശു ആരോഗ്യ സംരക്ഷണം, ഗർഭകാല പരിചരണം, സൗജന്യ മരുന്ന്, സൗജന്യ ലാബ് പരിശോധന, കുടുംബാസൂത്രണം, കൗമാര ആരോഗ്യ സേവനം, വയോജനങ്ങൾക്ക് സാന്ത്വന പരിചരണം, മാനസിക ആരോഗ്യ സേവനം, സാംക്രമിക-സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധം, ബോധവൽക്കരണ ക്ലാസുകൾ, ഇ-സഞ്ജീവനി, ടെലി കൺസൾട്ടേഷൻ, വിഷയാധിഷ്ഠിത ക്ലിനിക്കുകൾ, പേഷ്യന്റ് സപ്പോർട്ട് ഗ്രൂപ്പ്, ക്യാൻസർ സ്ക്രീനിംഗ് തുടങ്ങിയ സേവനങ്ങൾ കേന്ദ്രത്തിൽ ലഭ്യമാകും.
മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി, വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷരായ ഷേർലി സാബു, സ്നേഹ തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോസ് പ്ലാശനാൽ, ഷൈജമ്മ മാത്യു, ഉഷ രാജു, റിജോ തോമസ്, പി.ഡി. സെബാസ്റ്റ്യൻ, സജിമോൻ കുഞ്ഞപ്പൻ, വി.ജി. സോമൻ, തങ്കച്ചൻ കുന്നുംപുറം, എസ്. ജ്യോതിലക്ഷ്മി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എസ്. പ്രീത എന്നിവർ പ്രസംഗിച്ചു.






0 Comments