സമീപകാല മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ കുടിവെള്ള സ്രോതസ്സുകളുടെ ശുദ്ധിയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി പാലാ അൽഫോൻസാ കോളേജ് പി.ജി. ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജിയും പാലാ നഗരസഭയും സംയുക്തമായി സൗജന്യ കുടിവെള്ള ഗുണനിലവാര പരിശോധനാ ഡ്രൈവ് ആരംഭിച്ചു. ഡി.ബി.ടി. സ്റ്റാർ കോളേജ് സ്കീമിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
.പ്രളയത്തെ തുടർന്ന് വിവിധ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ മലിനീകരണ സാധ്യത വർധിച്ച സാഹചര്യത്തിലാണ് പരിശോധനാ പദ്ധതി ആരംഭിച്ചത്. കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശങ്ങൾ നൽകുകയും ചെയ്യും.
.പരിശോധനാ ഡ്രൈവിന്റെ ഉദ്ഘാടനം പാലാ നഗരസഭ ചെയർപേഴ്സൺ മായ രാഹുൽ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു. കോളേജ് പി.ജി. ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി മേധാവി ഡോ. സിമിമോൾ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു.
.വാർഡ് കൗൺസിലർ പ്രിൻസി മാന്താടി, കോളജ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളാച്ചാലിൽ എന്നിവർ പങ്കെടുത്തു. കോളജിലെ അധ്യാപകരും വിദ്യാർഥികളും പദ്ധതിയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നുണ്ട്.
.പ്രളയാനന്തര സാഹചര്യത്തിൽ കുടിവെള്ള സ്രോതസ്സുകളുടെ ശുദ്ധി ഉറപ്പാക്കുന്നതിനും ജലജന്യ രോഗങ്ങളുടെ സാധ്യത ഒഴിവാക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു. പ്രദേശവാസികൾക്ക് സൗജന്യമായി കുടിവെള്ള പരിശോധനാ സൗകര്യം ലഭ്യമാക്കുന്നതിലൂടെ പ്രളയാനന്തര ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന ഇടപെടലായാണ് പദ്ധതിയെ വിലയിരുത്തുന്നത്.






0 Comments