പാലാ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരവും പാർട്ടിയുടെ അഭിമാനം സംരക്ഷിക്കുന്നതിന്റെ ഭാഗമായുമാണ് സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിക്കുന്ന പ്രമേയത്തെ പിന്തുണച്ചതെന്നും, ആ തീരുമാനത്തിൽ ഉറച്ചുനിന്നതായും രജിത പ്രകാശ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
.മുൻ ചെയർപേഴ്സണെതിരായ അവിശ്വാസ പ്രമേയത്തിൽ, ശരിയെന്ന് ബോധ്യപ്പെട്ട നിലപാടിന്റെ അടിസ്ഥാനത്തിലാണ് അനുകൂലമായി വോട്ട് ചെയ്തത്. ഇതിന് പിന്നിൽ വ്യക്തിപരമായ പ്രശ്നങ്ങളോ വിരോധങ്ങളോ ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
.തുടർന്ന് നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെടുത്ത മായാ രാഹുലിന് അനുകൂലമായാണ് വോട്ട് ചെയ്തത്. എന്നാൽ പിന്നീട് തന്നെ കോൺഗ്രസ് വിമതയായി മുദ്രകുത്തുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്ത സാഹചര്യമുണ്ടായെന്നും രജിത പ്രകാശ് പറഞ്ഞു.
.തുടർന്നുണ്ടായ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ പാർട്ടിയുമായി അഭിപ്രായ ഐക്യം ഉണ്ടാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് സാധ്യമാകാത്തതിനാലാണ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ഇതിനൊപ്പം വ്യക്തിപരമായ അസൗകര്യവും ഉണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി.
.ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും നിർവഹിക്കുമെന്നും, ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുമെന്നും രജിത പ്രകാശ് അറിയിച്ചു.
വ്യക്തിപരമായ താൽപര്യങ്ങൾക്കല്ല, ജനങ്ങളുടെ താൽപര്യങ്ങൾക്കും താൻ വിശ്വസിക്കുന്ന നിലപാടുകൾക്കും മുൻഗണന നൽകി തുടർന്നും പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.






0 Comments