സംസ്ഥാനത്തുണ്ടായ അതിശക്തമായ മഴയിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ച സാഹചര്യത്തിൽ കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയച്ചു. ദുരന്തബാധിതർക്ക് ആദ്യ 24 മണിക്കൂറിനുള്ളിൽ ധനസഹായം ലഭ്യമാക്കുന്ന സ്ഥിരം ദേശീയ സംവിധാനം രൂപീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.മഴക്കെടുതിയിൽ നിരവധി ജീവനുകൾ നഷ്ടപ്പെടുകയും ആയിരക്കണക്കിന് കുടുംബങ്ങൾ തെരുവിലാകുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനം, ദുരിതാശ്വാസം, പുനരധിവാസം എന്നിവ വേഗത്തിലാക്കാൻ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉടനടി സാമ്പത്തിക സഹായം ഉണ്ടാകണം. വീടുകൾ, റോഡുകൾ, കൃഷി, വ്യാപാരികളുടെ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വലിയ തോതിലുള്ള നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് വേണം
വരാനിരിക്കുന്ന ഓണാഘോഷം മുന്നിൽക്കണ്ട് വ്യാപാരികൾ സംഭരിച്ച ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും പൂർണ്ണമായി നശിച്ചുപോയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഈ മേഖലയെ കൈപിടിച്ചുയർത്താൻ പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
24 മണിക്കൂറിനുള്ളിൽ അടിയന്തര സഹായം:
ദുരന്തത്തിന്റെ തീവ്രത കുറഞ്ഞ ശേഷമാണ് പലപ്പോഴും കേന്ദ്രസംഘങ്ങൾ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാറുള്ളത്. ഇത് യഥാർത്ഥ നാശനഷ്ടങ്ങളുടെ വ്യാപ്തി നേരിട്ട് മനസ്സിലാക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ദുരന്തത്തിന്റെ ആഘാതം ഏറ്റവും രൂക്ഷമായിരിക്കുന്ന ആദ്യഘട്ടത്തിൽ തന്നെ കേന്ദ്രസംഘങ്ങൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തണം. അതോടൊപ്പം, ദുരന്തമുണ്ടായി ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ സംസ്ഥാനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കാൻ പര്യാപ്തമായ സ്ഥിരം ദേശീയ സംവിധാനത്തിന് കേന്ദ്ര സർക്കാർ രൂപം നൽകണമെന്നും ജോസ് കെ. മാണി എം.പി കത്തിലൂടെ ആവശ്യപ്പെട്ടു.




0 Comments