Latest News
Loading...

പാലാ നഗരസഭാ ചെയര്‍പേഴ്‌സണെതിരെ അവിശ്വാസനോട്ടീസ് !




പാലാ നഗരസഭയിലെ  ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കാനൊരുങ്ങി എല്‍ഡിഎഫ്. നഗരസഭയിലെ യുഡിഎഫിനുള്ളിലെ തര്‍ക്കം രൂക്ഷമായതോടെയാണ് ഇന്ന് തന്നെ അവിശ്വാസത്തിന് നോട്ടീസ് നല്‍കാന്‍ എല്‍ഡിഎഫ്  നീക്കം ആരംഭിച്ചത്. അവിശ്വാസത്തിനില്ലെന്ന് പ്രതിപക്ഷം നേരത്തെ പ്രതികരിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തിലാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നീക്കവുമായി മുന്നോട്ട് പോകുന്നത്. 




പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അന്തിമ തീരുമാനം കെപിസിസിക്ക് വിട്ടിരിക്കുകയാണ്. ഒന്നിന് പുറകെ ഒന്നായി തുടരുന്ന തര്‍ക്കങ്ങള്‍ കാരണം ഭരണം അനായാസമായി മുന്നോട്ട് പോകില്ലെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എംപിയും എംഎല്‍എയും അടക്കമുള്ള സകല നേതാക്കളും ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.  ഇതിനെല്ലാം ഒടുവിലാണ് സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയത്. 

നഗരസഭയിലെ ചില കൗണ്‍സിലര്‍മാരാണ് സ്വതന്ത്ര കൂട്ടായ്മയ്‌ക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തിയതെങ്കിലും ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടി ഒന്നാകെ എതിര്‍പ്പറിയിക്കുകയാണ്. എന്നാല്‍  പ്രമേയം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ്  പുളിക്കകണ്ടം കുടുംബത്തിന്റെ പ്രതികരണം. മുതിര്‍ന്ന നേതാക്കള്‍ ഔദ്യോഗികമായി അറിയിച്ചാല്‍ നിലപാട് പറയുമെന്നും അവിശ്വാസപ്രമേയത്തിനുള്ള സാഹചര്യം ഒഴിവാക്കുമെന്നും സ്വതന്ത്ര കൂട്ടായ്മ അംഗങ്ങള്‍ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.




സ്വതന്ത്ര മുന്നണിയുമായി സഹകരിച്ചാല്‍ അപകടമാണെന്ന് നേരത്തെ തന്നെ അറിയാമായിരുന്നെന്നും കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ മാണി മുന്‍പ് പ്രതികരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് എം അവരുമായി സഹകരിക്കില്ലെന്നും നഗരസഭ അനാഥമാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നഗരസഭയ്ക്കുള്ളിലെ ആഭ്യന്തര തര്‍ക്കം വീണ്ടും മുറുകിയതോടെയാണ് അവിശ്വാസം കൊണ്ടുവരില്ലെന്ന് പറഞ്ഞിരുന്ന എല്‍ഡിഎഫ് നിലപാട് മാറ്റി ഇന്ന് തന്നെ നോട്ടീസ് നല്‍കാന്‍ ഒരുങ്ങുന്നത്.


   





Post a Comment

0 Comments