തിരുവനന്തപുരം: മലയാള സിനിമയുടെ തനത് ഭാവുകത്വത്തെ നാല് പതിറ്റാണ്ടിലേറെയായി വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഭരത് മോഹൻലാലിന് ഇന്ന് 66-ാം പിറന്നാൾ. ലാൽ പെരുമയുടെ ജന്മദിനം ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരും സിനിമാ ലോകവും വലിയ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അർദ്ധരാത്രി മുതൽ തന്നെ പ്രിയതാരത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള പ്രവാഹമാണ്.അഭിനയ മികവുകൊണ്ട് ഇന്ത്യൻ സിനിമയുടെ തന്നെ മുൻനിരയിലേക്ക് ഉയർന്ന മോഹൻലാൽ, കോമഡിയും ആക്ഷനും സെന്റിമെന്റ്സുമെല്ലാം ഒരുപോലെ വഴങ്ങുന്ന അസാധ്യമായ ഫ്ലെക്സിബിലിറ്റി കൊണ്ടാണ് തലമുറകളെ സ്വാധീനിച്ചത്.
പത്തനംതിട്ടയിലെ ഇലന്തൂരില്‍ 1960 മെയ് 21നാണ് വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹൻലാലിന്റെ ജനനം. മുടവൻമുകള്‍ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹൻലാല്‍ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികള്‍ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.
അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മോഹൻലാല്‍ എന്ന പേര് ഇന്ന് ഒരു വലിയ ബ്രാൻഡാണ്. ബോക്‌സ് ഓഫീസ് കണക്കുകള്‍ പരിശോധിച്ചു നോക്കിയാല്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതും തകർക്കുന്നതും മോഹൻലാല്‍ ചിത്രങ്ങളാണ്. ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടുന്ന മലയാള ചിത്രം മോഹൻലാലിന്റെ പുലിമുരുകനാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 2016ലാണ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫർ 200 കോടി ക്ലബില്‍ ഇടംനേടി ചരിത്രം കുറിച്ചു. ഇപ്പോൾ ദൃശ്യം 3യിലൂടെ മറ്റൊരു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് ലാൽ
'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി'ലെ സോളമൻ, 'നാടോടിക്കാറ്റി'ലെ ദാസൻ, 'തൂവാനത്തുമ്പികളി'ലെ ജയകൃഷ്ണൻ, 'ചിത്ര'ത്തിലെ വിഷ്ണു, 'കിരീട'ത്തിലെ സേതുമാധവൻ, 'ഭരത'ത്തിലെ ചിത്രത്തിലെ ഗോപി, 'കമലദള'ത്തിലെ നന്ദഗോപൻ, 'ദേവാസുര'ത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, 'ഇരുവറി'ലെ ആനന്ദൻ, 'വാനപ്രസ്ഥ'ത്തിലെ കുഞ്ഞിക്കുട്ടൻ, 'സ്ഫടിക'ത്തിലെ ആടുതോമ, 'ദശരഥ'ത്തിലെ രാജീവ് മേനോൻ, 'ഉണ്ണികളെ ഒരു കഥപറയാം' എന്ന ചിത്രത്തിലെ എബി അബ്രഹാം, 'തന്മാത്ര'യിലെ രമേശൻ നായർ, 'പരദേശി'യിലെ വലിയകത്തു മൂസ, 'ഭ്രമര'ത്തിലെ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്.
1996 മുതല്‍ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തില്‍ മോഹൻലാലിന്റെ പ്രശസ്തിയും തരപദവിയും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമാതാക്കളും സംവിധായകരും സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങള്‍ വിജയിച്ചെങ്കിലും പിന്നീട് പല തരത്തിലുള്ള വിമർശനങ്ങള്‍ക്ക് മോഹൻലാല്‍ വിധേയനാവുകയും ചെയ്തു
നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹൻലാല്‍ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങള്‍ക്ക് അതീതമാണ് മോഹൻലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
പകരം വയ്ക്കാനില്ലാത്ത പ്രകടനങ്ങൾ കൊണ്ട് മലയാളിയുടെ ഭാവുകത്വത്തെ അടയാളപ്പെടുത്തിയ ഈ അഭിനയ പ്രതിഭയ്ക്ക് മാധ്യമ ലോകത്തിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments