Latest News
Loading...

മരണം കണ്‍മുന്നില്‍ നില്‍ക്കെ ശിക്ഷ മരവിപ്പിച്ചു




നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്ന ആക്ഷന്‍ കൗണ്‍സില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് നന്ദി അറിയിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. 

യമനിലെ പ്രമുഖ സൂഫിഗുരുവായ ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം യമനില്‍ ആരംഭിച്ചത്. ഗോത്ര നേതാക്കളും, തലാലിന്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചര്‍ച്ചകളില്‍ പങ്കാളികളായിരുന്നു.




കഴിഞ്ഞ ദിവസമായിരുന്നു കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വിഷയത്തില്‍ ഇടപെട്ടത്. യമന്‍ ഭരണകൂടവുമായി കാന്തപുരം ചര്‍ച്ച നടത്തിയെന്നുള്ള വിവരം പുറത്തുവന്നിരുന്നു. യമന്‍ പൗരന്റെ ബന്ധുക്കളുമായും ആശയവിനിമയം നടന്നതായും വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യമനില്‍ അടിയന്തരയോഗം വിളിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ ജൂണ്‍ പതിനാറിന് നടപ്പിലാക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.



പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേര്‍ന്ന് യമനിലേക്ക് പോയത്. നാട്ടില്‍ നഴ്‌സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി നേടി. അതിനിടെയാണ് ഇവര്‍ തലാല്‍ അബ്ദുള്‍ മഹ്ദി എന്ന യമന്‍ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തത്തില്‍ ഒരു ക്ലിനിക് തുടങ്ങാന്‍ തീരുമാനിക്കുന്നതും. 

യമനില്‍ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാന്‍ നിര്‍വ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്. ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാല്‍ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തില്‍ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാല്‍ സ്വന്തമാക്കാന്‍ തുടങ്ങി. 

പാസ്‌പോര്‍ട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം വില്‍ക്കുകയും ചെയ്തു. സഹിക്കാന്‍ വയ്യെന്ന ഘട്ടത്തില്‍ നിമിഷപ്രിയ അധികൃതര്‍ക്ക് പരാതി നല്‍കി, ഇതോടെ തലാല്‍ ശാരീരിക ഉപദ്രവങ്ങള്‍ ആരംഭിച്ചു. ജീവന്‍ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താന്‍ തലാലിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയ വ്യക്തമാക്കിയിട്ടുള്ളത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments