തകര്‍ന്നുകിടന്ന റോഡ് കോണ്‍ക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയതോടെ പുതിയ വെല്ലുവിളി നേരിട്ട് വാഹനഡ്രൈവര്‍മാര്‍. ഭരണങ്ങാനം പഞ്ചായത്തിലെ വേഴങ്ങാനം ക്ഷേത്രം കവല സെന്റ് ജോസഫ് പള്ളി റോഡിലാണ് ഉയരം കൂടിയ എഡ്ജ് അപകടമൊരുക്കുന്നത്. ഇതുവഴിയെത്തിയ കാര്‍ കോണ്‍ക്രീറ്റില്‍ നിന്നും ചാടി തലകീഴായി മറിയുകയും ചെയ്തു. കാര്‍ ഓടിച്ചിരുന്ന സ്ത്രീയുടെ കൈയില്‍ നിന്നും വാഹനം നിയന്ത്രണംവിട്ടതാണ് അപകടത്തിനിടയാക്കിയത്.
കുത്തനെയുള്ള കയറ്റം നിറഞ്ഞ ഈ റോഡ് ടാറിംഗ് നടത്തിയാലും തുടര്‍ച്ചയായി തകരുന്ന സാഹചര്യത്തിലാണ് ആഴ്ചകള്‍ക്ക് മുന്‍പ് കോണ്‍ക്രീറ്റിംഗ് നടത്തിയത്. സാധാരണഗതിയില്‍ വശങ്ങള് സൈഡിലേയ്ക്ക് ചെരിച്ച് കോണ്‍ക്രീറ്റിംഗ് നടത്തുകയാണ് പതിവെങ്കിലും ഇവിടെ ഇരുവശത്തും പലകകള്‍ നിരത്തിയാണ് കോണ്‍ക്രീറ്റ് ചെയ്തത്. ഇതോടെ ഇരുവശത്തും ഒരടിയോളംവരെ ഉയര്ന്നുനില്ക്കുന്ന അവസ്ഥയായി.
വാഹനങ്ങള്‍ എതിരെ വരുന്നതോടെ സൈഡ് കൊടുക്കാനാവാതെ വലയുകയാണ് ഡ്രൈവര്‍മാര്‍. വാഹനം എഡ്ജില്‍ നിന്നും പുറത്തുപോയാല്‍ അടിതട്ടുകയും തിരിച്ചുറോഡിലേയ്ക്ക് കയറ്റാനാവാതെ വരികയും ചെയ്യും. ഇതുമൂലം വാഹനങ്ങള്‍ കോണ്‍ക്രീറ്റ് അവസാനിക്കുന്ന ഭാഗംവരെ പിന്നോട്ട് പോകേണ്ട അവസ്ഥയുമുണ്ട്. ഇരുവശത്തും കല്ലുംമണ്ണുമിട്ട് ഉറപ്പിച്ച് കോണ്‍ക്രീറ്റിന് ഒപ്പം ഉയര്‍ത്തിയാല്‍ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാകൂ.
അതേസമയം, പുതിയ നിര്‍ദേശപ്രകാരം കരാറുകാരെ ഇത്തരത്തില്‍ ചെയ്യാന്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നതാണ് പ്രശ്നകാരണമെന്നാണ് കരാറുകാര്‍ പറയുന്നത്. കോണ്‍ട്രാക്ടര്‍മാര്‍ പണംമുടക്കി പലകകള്‍ സംഘടിപ്പിച്ചാണ് ഇത്തരത്തില്‍ കോണ്‍ക്രീറ്റിംഗ് നടത്തുന്നത്. ഇതിനെതിരെ ജനപ്രതിനിധികള്തന്നെ രംഗത്തുവന്നാലേ പരിഹാരമാകൂ എന്നും കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥലത്തെ അപകടാവസ്ഥ പരിഹരിക്കുന്നതിനായി പാറമക്ക് ഇറക്കുകയോ, ഫണ്ട് ലഭ്യമാക്കി ഐറിഷ് ഡ്രൈയിനേജ് നിര്‍മിക്കുകയോ ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി പറഞ്ഞു.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments