Latest News
Loading...

ഇടമറ്റത്ത് മരിച്ച സ്വകാര്യബസ് ഡ്രൈവറുടെ സംസ്‌കാരം നാളെ




ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ച ഡ്രൈവര്‍  ഇടമറ്റം മുകളേല്‍ (കൊട്ടാരത്തില്‍ ) ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ എം.ജി.രാജേഷിന്റെ  (41)  സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കും. ഡ്രൈവര്‍ രാജേഷ് ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ചേറ്റുതോട് -ഭരണങ്ങാനം - പാലാ റൂട്ടിലോടുന്ന കൂറ്റാരപ്പള്ളില്‍ ബസ് പാലായ്ക്ക് പോരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.15നായിരുന്നു അപകടം. 20 യാത്രക്കാര്‍ക്ക് പരുക്കേറ്റു.



നിയന്ത്രണം വിട്ട ബസ് കലുങ്കും മതിലും ഇടിച്ചു തകര്‍ത്ത് തെങ്ങിലിടിച്ചാണ് നിന്നത്. തെങ്ങും മറിഞ്ഞു വീണു. പൈക - ഭരണങ്ങാനം റൂട്ടില്‍ രാവിലെ ആയതിനാല്‍ റോഡില്‍ ആളുകളും വാഹനങ്ങളും കുറവായിരുന്നതിനാല്‍ അപകടത്തിന്റെ ആഘാതം കുറഞ്ഞു. പരീക്ഷയ്ക്കു പോയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് നിശ്ശേഷം തകര്‍ന്നു. ഡ്രൈവര്‍ ഓപ്പറേറ്റിംഗ് ഡോര്‍ സംവിധാനവും തകരാറിലായതിനെത്തുടര്‍ന്ന് പരുക്കേറ്റവരെ ബസില്‍ നിന്നും പുറത്തിറക്കാന്‍ താമസം നേരിട്ടു. ഇതുവഴി പാലാ -ഇടമറ്റം -ചേറ്റുതോടായി സര്‍വീസ് നടത്തുന്ന വളയത്തില്‍ ബസ്സിലും മറ്റ് വാഹനങ്ങളിലുമായി ഡ്രൈവറെയും പരുക്കേറ്റവരെയും പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാനായില്ല.



പരുക്കേറ്റ 3 പേര്‍ കോട്ടയം മെഡിക്കല്‍ കോളെജിലും 4 പേര്‍ പാലാ ജനറല്‍ത്തശുപത്രിയിലും രണ്ടു പേര്‍ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയിലും ഒരാള്‍ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലും  ചികിത്സയിലാണ്. എസ്. എസ്. എല്‍. സി. പരീക്ഷ എഴുതാനുള്ള രണ്ട് വിദ്യാര്‍ത്ഥികളടക്കം 10 പേരെ ഭരണങ്ങാനം മേരിഗിരി ആശു പത്രിയില്‍ പ്രഥമ ശ്രുശ്രൂഷ നല്‍കി വിട്ടയച്ചു. പാലാ പോലീസും, മോട്ടോര്‍ വാഹന വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. 



രാജഷിന്റെ മൃതദേഹം പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.  മാതാവ്: ലീലാമ്മ മുകളേല്‍ ( ഇടമറ്റം). ഭാര്യ അഞ്ജു എസ്.നായര്‍ തിടനാട് ചാരാത്ത് കുടുംബാംഗം. മക്കള്‍: അനശ്വര, ഐശ്വര്യ ( ഇടമറ്റം കെ.ടി.ജെ.എം. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍) സഹോദരന്‍: അംബ രാജീവ്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments