മലയോരമേഖലകളില്‍ കൃഷിയിടങ്ങളില്‍ കാട്ടുപന്നി നാശം വിതയ്ക്കുമ്പോള്‍ പാലായുടെ സമീപ പ്രദേശങ്ങളില്‍ മുള്ളന്‍പന്നികള്‍ വ്യാപകമാവുന്നു. ഇടപ്പാടി, കൊച്ചിടപ്പാടി മേഖലകളില്‍ നിരവധി പേര്‍ ഇതിനോടകം മുള്ളന്‍പന്നികളെ കണ്ടു. പുലര്‍ച്ചെ ടാപ്പിംഗിനിറങ്ങുന്നവരുടെ മുന്നിലും ഇവ വന്നുപെടാറുണ്ട്. രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ക്ക് മുന്നിലും ഇവയെ കണ്ടതായി ആളുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാലാ ടൗണിലൂടെ ഓടുന്ന കാട്ടുപന്നികളുടെ ദൃശ്യം വൈറലായിരുന്നു.
കൊച്ചിടപ്പാടി വാര്‍ഡില്‍ കാരണത്തില്ലം (പവിത്രം മില്‍ ) വക സ്ഥലത്ത് ഇന്ന് വെളുപ്പിനെയാണ് രണ്ട് മുള്ളന്‍ പന്നികളെ കണ്ടത്. റബര്‍ ടാപ്പിംഗിന് എത്തിയ മനയാനിക്കല്‍ ബിജുവിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ രണ്ട് മുള്ളന്‍ പന്നികളെ കാണുകയായിരുന്നു. പന്നികള്‍ മുള്ള് വിടര്‍ത്തി ആക്രമിക്കാന്‍ തയ്യാറായെന്നും തുടര്‍ന്ന് പിന്‍മാറിയെന്നും അവിചാരിതമായി ഇവയെ കണ്ടപ്പോള്‍ ഭയപ്പെട്ടെന്നും മനയാനിക്കല്‍ ബിജു പറയുന്നു. ഇവയുടെ വീഡിയോ ബിജു റെക്കോര്‍ഡ് ചെയ്തിരുന്നു.
കൃഷിയിടങ്ങളില്‍ ഇവ ശല്യക്കാരായി മാറുന്നതായി കര്‍ഷകര്‍ പറയുന്നു. കാര്‍ഷികവിളകള്‍ നസിപ്പിക്കുന്നതില്‍ മുള്ളന്‍പന്നികളും നിസാരക്കാരല്ല. ഇങ്ങോട്ട് വന്ന ആക്രമിക്കുന്ന ജീവികളല്ല മുള്ളന്‍പന്നികള്‍. അതിവേഗത്തില്‍ ഓടിരക്ഷപെടാന്‍ ആവില്ലാത്തതിനാല്‍ മുള്ളുകള്‍ ഉയര്‍ത്തി ഭയപ്പെടുത്താനാണ് ഇവ ശ്രമിക്കുക. മുള്ളുകള്‍ തെറിപ്പിക്കും എന്ന തെറ്റായ വിശ്വാസവും പലര്‍ക്കുമിടയിലുണ്ട്.
1972ലെ വന്യജീവി സംരക്ഷണനിയമപ്രകാരം ഇവയെ സംരക്ഷിത ജീവികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊല്ലുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാണ്.
പിടികൂടാന്‍ ശ്രമിച്ചാല്‍ കൊണ്ടുകയറുന്ന മുള്ളുകള്‍ അത്ര സുഖരകമായ അനുഭവമായിരിക്കില്ല സമ്മാനിക്കുക. ഈ കാരണങ്ങള്‍കൊണ്ടുതന്നെ മുള്ളന്‍പന്നിയെ കണ്ടാല്‍ മിണ്ടാതെ പോകുന്നതായിരിക്കും ഉചിതം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments