ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ പ്രവർത്തിക്കുന്ന അജ്മി ഫുഡ് പ്രോഡക്ട്സ് ഫാക്ടറിയിലെ ബോയിലർ പൊട്ടി ഈലക്കയം ചെക്ക് ഡാമിൽ ഓയിൽ മാലിന്യം പരന്നു. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ഫാക്ടറി അധികൃതർ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലും ഫയർഫോഴ്സിലും, ഈരാറ്റുപേട്ട പോലീസിലും, തലപ്പലം പഞ്ചായത്തിലും രാത്രി തന്നെ വിവരം അറിയിച്ചു പ്രതിരോധ നടപടികൾ പരമാവധി സ്വീകരിച്ചു. നഗരസഭയിലെ സെക്രട്ടറി, ഹെൽത്ത് സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥർ രാവിലെ 10 മണിയോടുകൂടി സ്ഥലം സന്ദർശിക്കുകയും ഫാക്ടറി ഉടമകൾക്ക് നോട്ടീസ് നൽകി.
വേനൽ ശക്തമായതോടെ ചെക്ക് ഡാമിൽ അവശേഷിച്ചിരുന്ന വെള്ളം, മാലിന്യം കലർന്നതോടെ ഉപയോഗശൂന്യമായി . ഈ പ്രദേശവുമായി ബന്ധപ്പെട്ട 7 മുതൽ 20 വരെയുള്ള വാർഡ് കൗൺസിലർമാരെയും ആരോഗ്യ വിഭാഗത്തിന്റെയും മീറ്റിംഗ് ചേരുകയും കമ്മറ്റിയിലേക്ക് ഫാക്ടറി അധികൃതരെ നോട്ടീസ് നൽകി വിളിച്ചുവരുത്തി കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തതായി വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ് പറഞ്ഞു.
ഫാക്ടറിയുടെ ചെലവിലും ഉത്തരവാദിത്വത്തിലും എത്രയും പെട്ടെന്ന് മുൻസിപ്പാലിറ്റി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച് നീക്കം ചെയ്യാൻ ഫാക്ടറി അധികൃതർക്ക് നിർദ്ദേശം നൽകി. ഇന്നുമുതൽ വരുന്ന 7 ദിവസത്തേക്ക് എല്ലാദിവസവും രാവിലെയും വൈകുന്നേരവും വെള്ളത്തിൻ്റെ ഓയിൽ സാന്നിധ്യം ഗവൺമെൻറ് ലാബിൽ ടെസ്റ്റ് ചെയ്ത് മുൻസിപ്പാലിറ്റിയെ ബോധ്യപ്പെടുത്തണം. അടിയന്തര സാഹചര്യത്തിൽ കുടിവെള്ളം ആവശ്യമുള്ള പ്രദേശത്ത് ഈ സ്ഥാപനത്തിൻറെ ഉത്തരവാദിത്വത്തിലും ചെലവിലും വെള്ളം എത്തിച്ച് കൊടുത്ത് നഗരസഭയിൽ റിപ്പോർട്ട് ചെയ്യേണമെന്നും നിർദ്ദേശിച്ചു.
അടിയന്തരയോഗത്തിൽ വൈസ് ചെയർമാൻ അഡ്വ മുഹമ്മദ് ഇലിയാസ് ,ആരോഗ്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഫ്ന അമീൻ ,നാസർ വെള്ളൂപ്പറമ്പിൽ ,സുനിൽകുമാർ ,നൗഫിയ ഇസ്മായിൽ ,ഹബീബ് കപ്പിത്താൻ , സെക്രട്ടറി ,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അജ്മി ഗ്രൂപ്പ് ജനറൽ മാനേജർ സാദിഖ് പാറയിൽ, ലീഗൽ അഡ്വയ്സർ മുഹമ്മദ് പത്തനാട് എന്നിവർ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments