ചാനൽ ചർച്ചയ്ക്കിടെ അതി രൂക്ഷമായ വർഗീയ പരാമർശം നടത്തിയെന്ന് പരാതിയിൽ ബിജെപി നേതാവ് പിസി ജോർജ്ജിനെതിരെ കേസെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. പരാതികൾ ഉയർന്ന നാലാം ദിവസമാണ് ഒടുവിൽ പോലീസ് നടപടി സ്വീകരിച്ചത്. രാവിലെ പരാതിക്കാരായ യൂത്ത് ലീഗ് ഭാരവാഹികളുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു.
ജനം ടിവി ചാനൽ ചർച്ചയ്ക്കിടെ വർഗീയ പരാമർശം നടത്തിയ പി.സി. ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടേയും എസ്.ഡി.പി.ഐയുടേയും മുനിസിപ്പൽ കമ്മിറ്റികളും പോലീസിൽ പരാതി നൽകിയിരുന്നു. രാജ്യത്തെ മുസ്‌ലിംകളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയില്‍ ഇല്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളി നടക്കുമ്പോള്‍ പാക്കിസ്ഥാന് വേണ്ടി കയ്യടിക്കുന്നവരാണ് മുസ്‌ലിംകള്‍ എന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു.
2022ൽ രണ്ടുതവണയാണ് കേരള പോലീസ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. വെണ്ണലയിൽ സപ്താഹ യജ്ഞ വേദിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് മെയ് 26നായിരുന്നു അറസ്റ്റ്. റിമാൻഡിൽ പോയി പിറ്റേന്ന് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ പി സി ജോർജിന് വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ ചേർന്ന് പലയിടങ്ങളിലും നൽകിയത്. രണ്ടുമാസത്തിനുശേഷം ജൂൺ രണ്ടിന് വീണ്ടും അറസ്റ്റ് ഉണ്ടായി. സോളാർ കേസിലെ ഇരയുടെ പരാതിയിലായിരുന്നു അറസ്റ്റ്. അന്നുതന്നെ ജോർജിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments