Latest News
Loading...

രാജ്യത്ത് എച്ച്എംപിവി കേസുകള്‍ വര്‍ധിക്കുന്നു. എണ്ണം മൂന്നായി



രാജ്യത്ത് എച്ച്എംപിവി ബാധിതരുടെ എണ്ണം മൂന്നായി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് മൂന്നാമത്തെ കേസ്  സ്ഥിരീകരിച്ചത്. ഇതും ഒരു കുട്ടിയ്ക്കാണ്. കര്‍ണാടകയില്‍  രണ്ട് എച്ച്എംപിവി കേസുകള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 3 നാണ് ആണ്‍കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. പെണ്‍കുഞ്ഞിന് ഇന്നും രോഗബാധയുണ്ടായതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സ്ഥിരീകരിച്ചു. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 





ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് എച്ച്എംപിവി . ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.

ചില കേസുകളില്‍, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. എച്ച്എംപിവിയുടെ ഇന്‍കുബേഷന്‍ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്.




കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ 10% മുതല്‍ 12% വരെ എച്ച്എംപിവി  മൂലമാണ് ഉണ്ടാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു.  5% മുതല്‍ 16% വരെ കുട്ടികളില്‍ ന്യുമോണിയ പോലുള്ള താഴ്ന്ന ശ്വാസകോശ ലഘു അണുബാധ ഉണ്ടാകാം. എച്ച്എംപിവി  ഉള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ ആണ്  രോഗം പടരുന്നത്. 

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി ) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്.  ചുമ അല്ലെങ്കില്‍ ശ്വാസം മുട്ടല്‍, മൂക്കൊലിപ്പ് അല്ലെങ്കില്‍ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments