Latest News
Loading...

ഗതാഗത പരിഷ്‌കരണം ഒരു വഴിയായി. പൊതുജനം പെരുവഴി




ഈരാറ്റപേട്ടയില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണം സാവധാനം അലിഞ്ഞില്ലാതാകുന്നുവെന്ന് ആക്ഷേപം. സെന്‍ട്രല്‍ ജംഗ്ഷനിലെ കുരുക്കഴിക്കാന്‍ പുതിയ നീക്കത്തിന് സാധിച്ചുവെങ്കിലും ബസ് സ്റ്റോപ്പുകള്‍ സംബന്ധിച്ച ആശക്കുഴപ്പവും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിട്ടില്ല. പൂഞ്ഞാര്‍ സ്‌റ്റോപ്പിലെ ആളെ കയറ്റല്‍ അവസാനിപ്പിച്ചെങ്കിലും കെഎസ്ആര്‍ടിസി ബസ് എവിടെ നിര്‍ത്തുമെന്ന യാത്രക്കാരുടെ സംശയം തുടരുകയാണ്. 




കെഎസ്ആര്‍ടിസി ബസുകള്‍ സ്വകാര്യ ബസ് സറ്റാന്‍ഡ് വഴി കടന്നുപോകണമെന്നാണ് നിര്‍ദേശം. പൂഞ്ഞാര്‍ സ്‌റ്റോപ്പിലെത്തുന്നവര്‍ ഇതുപ്രകാരം ബസ് സ്റ്റാന്‍ഡിലെത്തി ബസ് കാത്ത് നിന്നാലും പലപ്പോഴും ആനവണ്ടികള്‍ സ്റ്റാന്‍ഡില്‍ കയറുന്നില്ലെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മാത്രമുള്ള റൂട്ടിലെ യാത്രക്കാരാണ് ഇതുമൂലം ഏറെ ക്ലേശം അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തീക്കോയി വാഗമണ്‍ ഭാഗത്തേയ്ക്കുള്ള നിരവധി പേര്‍ക്ക് ബസ് കിട്ടാതെ പോയതായും പരാതികളുണ്ട്. ബസ്, സ്റ്റാന്‍ഡിനുള്ളിലൂടെ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോള്‍ പ്രധാന റോഡില്‍ നിര്‍ത്തി കടന്നുപോകുന്നതായാണ് പരാതി. 




സ്റ്റാന്‍ഡിന്റെ മുന്‍വശം ഓട്ടോ സ്റ്റാന്‍ഡിനും അപ്പുറം റോഡില്‍ ബസുകള്‍ നിര്‍ത്തുന്നത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിനും കാരണമാകും. കെഎസ്ആര്‍ടിസി ബസുകള്‍ എല്ലാം സ്റ്റാന്‍ഡില്‍ കയറാനുള്ള നിര്‍ദേശം വേണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. അതേസമയം ദീര്‍ഘദൂര സര്‍വ്വീസായി വരുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയറുന്നില്ലെന്ന വസ്തുതയും നിലവിലുണ്ട്. 

സ്‌കൂള്‍ തുറക്കല്‍ കാലഘട്ടത്തില്‍ നടത്തിയിരുന്ന ട്രാഫിക് പരിഷ്‌കരണങ്ങള്‍ മറ്റൊരു ഘട്ടത്തില്‍ നടപ്പാക്കിയതിന് പിന്നില്‍ മറ്റ് ചില ബിസിനസ് താത്പര്യങ്ങളുണ്ടെന്ന അടക്കം പറച്ചിലും ഇതോടൊപ്പം ശക്തമാകുന്നുണ്ട്. ടൗണില്‍ നിരന്ന പരസ്യബോര്‍ഡുകള്‍ ഇതിന് തെളിവാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 

ഗതാഗത നിയമങ്ങള്‍ ബോധ്യപ്പെടുത്താനെന്നവണ്ണം സ്ഥാപിച്ച ബോര്‍ഡുകളുടെ എണ്ണം കൂടിയെന്നതാണ് മിച്ചം. നോപാര്‍ക്കിംഗ്, നോ യു ടേണ്‍ നിര്‍ദേശങ്ങള്‍ പഴയപടിയായി. അനധികൃത പാര്‍ക്കിംഗും വര്‍ധിച്ചതായി വ്യക്തമാണ്. അതേസമയം, ആദ്യഘട്ടത്തില്‍ നഗരസഭയും പോലീസും ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും കാലക്രമത്തില്‍ മന്ദീഭവിച്ച നിലയിലാണ്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments