ഈരാറ്റുപേട്ട ടൗണിലെ ഏറ്റവും പഴക്കമേറിയ പൊതുമരാമത്ത് റോഡായ മുട്ടം കവല- വടക്കേക്കര (മുക്കട ബൈപാസ് ) കഴിഞ്ഞ കാൽ നൂറ്റാണ്ടായി അവഗണിക്കപ്പെട്ട് കിടന്നിരുന്നത് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നിർദ്ദേശാനുസരണം പൊതുമരാമത്ത് വകുപ്പ് 8 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ച് പുനരുദ്ധാരണം നടത്തി ഗതാഗത യോഗ്യമാക്കി. വാഹനഗതാഗതത്തിന് സജ്ജമാക്കിയ മുക്കട ബൈപ്പാസ് റോഡ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ പി.എ മുഹമ്മദ് ഇല്യാസ്, കൗൺസിലർമാരായ അനസ് പാറയിൽ സുനിത ഇസ്മായിൽ , വിവിധ രാഷ്ട്രീയ നേതാക്കന്മാരായ കെ. എം ഫൈസൽ, കെ.ഐ നൗഷാദ്, അഡ്വ. ജെയിംസ് വലിയവീട്ടിൽ, നൗഫൽ ഖാൻ, പി.പി.എം നൗഷാദ്, കബീർ, പി. എസ് എം റംലി എന്നിവർ പ്രസംഗിച്ചു.
മുൻകാലങ്ങളിൽ ഈരാറ്റുപേട്ടയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും ഉള്ള മലഞ്ചരക്ക് സാധനങ്ങളും മറ്റു കാർഷിക വിഭവങ്ങളും കോട്ടയം, ആലപ്പുഴ, ചങ്ങനാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തിച്ചിരുന്നത് ജല മാർഗ്ഗമായിരുന്നു. അപ്രകാരമുള്ള ചരക്ക് വസ്തുക്കൾ മുട്ടം കവല വടക്കേക്കര റോഡിലൂടെ എത്തിച്ച് മുക്കട കടവിൽ നിന്നായിരുന്നു ജല വാഹനങ്ങളിൽ കയറ്റിയിരുന്നത്.
പരമ്പരാഗതമായ ഈ റോഡ് തുറന്നതോടുകൂടി ഈരാറ്റുപേട്ട ടൗണിൽ മുട്ടം ജംഗ്ഷൻ മുതൽ വടക്കേക്കര വരെയുള്ള ഭാഗത്തെ ഗതാഗത തിരക്ക് കുറയ്ക്കാൻ കഴിയും. അതേപോലെതന്നെ വൺവേ ആയി ഉപയോഗിക്കാനും കഴിയും. റോഡ് കൂടുതൽ നിലവാര വർദ്ധന ഉദ്ദേശിച്ച് രണ്ടാംഘട്ട പണികൾ നടത്തി റോഡ് ഉയർത്തുകയും, കൂടുതൽ വീതിയിൽ ടാറിങ് നടത്തുകയും, ഓടകളും മറ്റും പുനരുദ്ധരിക്കുകയും ചെയ്യുമെന്നും എംഎൽഎ ഉദ്ഘാടന സമ്മേളനത്തിൽ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments