ഈരാറ്റുപേട്ട : സംസ്ഥാന തൊഴിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ തിടനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചേറ്റുതോട് - ചാണകക്കുളം ഭാഗത്ത് നടപ്പിലാക്കുന്ന വാട്ടർഷെഡ് പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. കല്ല് കയ്യാലകൾ നിർമ്മിച്ചും, അരുവികളുടെയും പുഴകളുടെയും തീരങ്ങൾ സംരക്ഷിച്ചും, മഴക്കുഴികൾ നിർമ്മിച്ചും മണ്ണൊലിപ്പും, വെള്ളപ്പൊക്കവും തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
വലിയ തോതിലുള്ള മണ്ണിടിച്ചിലും ഉരുൾപൊട്ടൽ പോലെയുള്ള ദുരന്തങ്ങൾ പ്രതിരോധിക്കുന്നതിനും വാട്ടർ ഷെഡ് പദ്ധതികൾ സഹായകരമാണ്. ചേറ്റുതോട്,ചാണകക്കുളം ഭാഗത്ത് കൃഷിഭൂമികളുടെ സംരക്ഷണവും അരുവികളുടെയും, നീർച്ചാലുകളുടെയും തീര സംരക്ഷണവും ഈ പദ്ധതിയിലൂടെ നടപ്പിലാക്കുമെന്ന് എംഎൽഎ അറിയിച്ചു.
മണ്ണ് സംരക്ഷണ വകുപ്പിൽ നിന്നും 14 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ ജോയിച്ചൻ കാവുങ്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ഷെറിൻ പെരുമാംകുന്നേൽ, ഗുണഭോക്തൃ പ്രതിനിധികളായ ജോസഫ് മൈലാടി, സജി കാരുവേലിൽ,
ചാക്കോച്ചൻ കാവുങ്കൽ, ടോമി ഉഴുത്തുവാൽ, ഉണ്ണി മരുതുംമാക്കൽ, അനീഷ് കാഞ്ഞിരത്തിങ്കൽ, ജിനീഷ് ഇലവുങ്കൽ, മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ നൈസാം തുടങ്ങിയവർ പ്രസംഗിച്ചു. മൂന്നുമാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments