ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി രാമപുരം, പാലവേലി, അമനകര പ്രദേശങ്ങളിൽ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയെത്തുടർന്നു നാല് ഹോട്ടലുകൾക്കെതിരെ നോട്ടീസ് നൽകി. ഭക്ഷണ, പാനീയ വിൽപ്പന നടത്തുന്ന 14 സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
പാചകശാലയിൽനിന്നും ആഴ്ചകളായി ഭക്ഷണമാലിന്യം നീക്കം ചെയ്യാതിരിക്കുന്ന തായും രോഗാണുസംക്രമണ സാധ്യതക്ക് ഇടയാക്കുന്ന തരത്തിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതായും പാചകം ചെയ്ത വിഭവങ്ങൾ നിരോധിത പ്ലാസ്റ്റിക് സമ്പർക്കത്തിൽ സൂക്ഷിച്ചിരിക്കുന്ന തായും ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി.
ഹെൽത്ത് കാർഡില്ലാതെ ഭക്ഷണം കൈകാര്യം ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിരുന്ന രണ്ട് ജീവനക്കാരുടെ സേവനം വിലക്കി. ഭക്ഷണശാലയിൽ കോട്പ നിയമപ്രകാരം പുകയില രഹിത ബോർഡ് സ്ഥാപിക്കാത്ത മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തു.
നോട്ടീസ് കലാവാധിക്ക് ശേഷമുള്ള തുടർപരിശോധനയിൽ പോരായ്മ പരിഹരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്നു ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
രാമപുരം ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കെ. കെ. സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റിൻസ് സി. ഇസ്മായിൽ, റോബിൻ യേശുദാസ്, ലക്ഷ്മി ബാബു, അതുല്യ സാബു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ആരോഗ്യ മാനദണ്ഡങ്ങൾ അവഗണിച്ച് മലിനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകൾക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള കർശന നടപടികൾ തുടർന്നും ഉണ്ടാകുമെന്നു മെഡിക്കൽ ഓഫീസർ ഡോ. വി. എൻ. സുകുമാരൻ അറിയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments