Latest News
Loading...

ലോകപ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരൻ വില്യം ഡാൽറിംപിൾ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യും



പാലാ: ലോകപ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനും അന്താരാഷ്ട്ര പുരസ്‌കാര ജേതാവും ജയ്‌പൂർ സാഹിത്യോത്സവത്തിന്റെ സഹസ്ഥാപകനുമായ വില്യം ഡാൽറിംപിൾ പാലാ സെൻ്റ് തോമസ് കോളേജ് ഓട്ടോണമസിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന Gravitas പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം  ഡിസംബർ 2 തിങ്കളാഴ്ച രാവിലെ 10.30 ന് ബിഷപ് വയലിൽ ഹാളിൽ നിർവ്വഹിക്കും. പ്രാചീന ഇൻഡ്യ എങ്ങനെ ലോകത്തെ പരിവർത്തിപ്പിച്ചു എന്ന വിഷയത്തിൽ വില്യം ഡാൽറിംപിൾ പ്രഭാഷണം നടത്തും. 
സിറ്റി ഓഫ് ഡിജിൻസ്, ദി ലാസ്റ്റ് മുഗൾ, ദി അനാർക്കി തുടങ്ങിയ കൃതികളുടെ കർത്താവായ ഡാൽറിംപിൾ പുരാതന ഇന്ത്യാചരിത്രത്തെക്കുറിച്ചും ഇന്ത്യൻ കടൽപ്പാതയെക്കുറിച്ചും ഗവേഷണം ചെയ്തിട്ടുണ്ട്. പുരാവസ്തു ശാസ്ത്രത്തിന്റെയും സാമ്പത്തിക ചരിത്രത്തിൻ്റെയും പിൻബലത്തിൽ ഇന്ത്യയെക്കുറിച്ച് അദ്ദേഹം നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ വില്യം ഡാൽറിംപിൾ ലോകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. കേരളത്തിലെ മുസിരിസ് പട്ടണത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ചരിത്രപുസ്തകങ്ങളിൽ പരാമർശമുണ്ട്. പുരാതന വ്യാപാരത്തിൻ്റെ കാര്യത്തിൽ ഭൂപ്രകൃതിയും കാലാവസ്ഥയും ഇന്ത്യയ്ക്ക് വലിയ ഗുണംചെയ്തു എന്ന പക്ഷക്കാരനാണ് ഇപ്പോള് ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ വില്യം ഡാൽറിംപിൾ. സാധാരണ വായനക്കാരുടെ അടുക്കലേക്ക് എത്തുന്നതിൽ അക്കാദമിക് വിദഗ്‌ധരായ ഇന്ത്യൻ ചരിത്രകാരന്മാർ ഇപ്പോൾ ഒരു വിജയമായി മാറിയിട്ടുണ്ട് എന്ന് ഡാൽറിംപിൾ അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ മഹത്തായ നാഗരികതയെ ലോകത്തിനു മുമ്പിൽ അറിയിക്കാൻ ഡാൽറിംപിളിൻ്റെ ചരിത്രഗ്രന്ഥങ്ങൾക്കു സാധിച്ചിട്ടുണ്ട്. 




ലോകത്തിലെ ഏറ്റവും മികച്ച അൻപതു ചിന്തകന്മാരിൽ ഒരാളായി പ്രോസ്‌പെക്ട് തിരഞ്ഞെടുത്ത വില്യം ഡാൽറിംപിൾ ലോകത്തിലെ ഏറ്റവും ആകർഷകമായ നഗരങ്ങളിലൊന്നായ ഡൽഹി ശ്വാസംമുട്ടിക്കുന്ന മരണക്കെണിയായി മാറിയതിനെക്കുറിച്ചു പ്രകടിപ്പിച്ച ആശങ്ക ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി. പുരാതന ഇന്ത്യാചരിത്രത്തിലും ആധുനിക ഇന്ത്യാചരിത്രത്തിലും ഗ്രന്ഥരചനയിൽ മുഴുകിയിരിക്കുന്ന വില്യം ഡാൽറിംപിൾ പുതിയ പുസ്തകമായ The Golden Road നെ പാലാ സെൻ്റ് തോമസ് കോളേജിലെ പ്രഭാഷണത്തിൽ പരിചയപ്പെടുത്തും. അക്കാദമീഷ്യന്മാർക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുറമെ പൊതുജനങ്ങൾക്കും അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ കോളേജ് സൗകര്യമൊരുക്കിയിട്ടുണ്ട്. 

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെയും ജ്ഞാനഭാരത് അഭിയാന്റെയും ഡി.സി. ബുക്‌സിൻ്റെയും സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള ഈ പ്രഭാഷണത്തിനുശേഷം പൊതുജനങ്ങൾക്ക് ഡാൽറിംപിളുമായി സംവാദത്തിനുള്ള അവസരമുണ്ടായിരിക്കും. കോളേജിന്റെ രക്ഷാധികാരി പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാര് ജോസഫ് കല്ലറങ്ങാട്ട്, കോളേജ് മാനേജർ പ്രോട്ടോ-സിഞ്ചല്ലൂസ് വെരി റവ. ഡോ. ജോസഫ് തടത്തില്, കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കെ. തോമസ്, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ എന്നിവർ സംബന്ധിക്കും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments