പാലാ നഗരഹൃദയത്തിലെ പഴയ ബസ് സ്റ്റാന്‍ഡ് കുഴികള്‍ നിറഞ്ഞ നിലയില്‍. സ്റ്റാന്‍ഡിനുള്ളിലും പുറത്തേയ്ക്ക് വാഹനങ്ങള്‍ ഇറങ്ങുന്ന ഭാഗത്തും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. സ്റ്റാന്‍ഡിനുള്ളിലൂടെ സഞ്ചരിക്കുന്ന ബസുകള്‍ കുഴികളിലിറങ്ങി ആടിയിലുഞ്ഞാണ് സഞ്ചരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ പാലായിലേയ്‌ക്കെത്തുന്ന ജൂബിലി തിരുനാളിന് ഒരാഴ്ച മാത്രം ശേഷിക്കെ, തിരുനാള്‍ തിരക്കുകള്‍ക്ക് മുന്‍പ് കുഴികള്‍ അടയ്ക്കണമെന്ന ആവശ്യവും ശക്തമായി.
രാമപുരം, പൊന്‍കുന്നം ഭാഗത്തേയ്ക്ക് പോകുന്ന ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ടാറിംഗ് പൂര്‍ണമായി നഷ്ടമായി മെറ്റല്‍ ഈ ഭാഗത്ത് ചിതറിക്കിടക്കുകയാണ്. മഴ പെയ്യുമ്പോള്‍ ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നു.
സ്റ്റാന്‍ഡിനുള്ളില്‍ കയറുന്ന ബസുകള്‍ ഇറങ്ങിപ്പോകുന്ന ഭാഗം വലിയ കുഴിയായി മാറിയിട്ടുണ്ട്. കുഴിയിലിറങ്ങി കയറി ആടിയുലഞ്ഞാണ് ബസുകള്‍ റിവര്‍വ്യൂ റോഡിലേയ്ക്ക് പ്രവേശിക്കുന്നത്. ഇത് ബസിനുള്ളിലെ യാത്രക്കാര്‍ക്കാരെയും കുലുക്കി മറിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ സമാനമായ രീതിയില്‍ സ്റ്റാന്‍ഡിന് ഉള്‍വശം കുഴികള്‍ നിറഞ്ഞത് വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് ആദ്യവാരം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ പാറമക്ക് എത്തിച്ച് നികത്തിയിരുന്നു.
എന്നാല്‍ കാലക്രമത്തില്‍ ഇത് വാഹനങ്ങള്‍ കയറി നിരന്നുപോവുകയും പഴയ സ്ഥിതിയിലേയ്ക്ക് എത്തുകയും ചെയ്തു. താല്‍ക്കാലികമായ പൊടിക്കൈകള്‍ക്ക് പകരം ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് നടത്തി ശാശ്വതമായ പരിഹാരം വേണമെന്നാണ് ബസ് ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments