Latest News
Loading...

പാലാ സെൻ്റ്.തോമസ് എച്ച്.എസ്.എസിൽ മിനി ദിശ കരിയർ എക്സ്പോ



കുട്ടികൾക്ക് വാനോളം വളരാൻ ദിശാബോധം അനിവാര്യം. ജോസ് കെ. മാണി. വിദ്യാർത്ഥികൾക്ക് എല്ലാ മേഖലയിലും വാനോളം വളരാനുള്ള അനന്തസാധ്യതകളാണ് ഇന്നുള്ളത്. അത് പ്രയോജനപ്പെടുത്തി ശരിയായ കരിയർ വികസിപ്പിച്ചെടുക്കാൻ അവർക്ക് ദിശാബോധം ആവശ്യമാണ്. അതാണ് മിനിദിശ കരിയർ എക്സ്പോയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പാലാ വിദ്യാഭ്യാസ ജില്ലാ മിനി ദിശ കരിയർ എക്സ്പോ പാലാ സെൻ്റ്.തോമസ് എച്ച്.എസ്.എസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഡോ. ജോസ് കാക്കല്ലിൽ അധ്യക്ഷനായിരുന്നു. കരിയർ ഗൈഡൻസ് കോട്ടയം ജില്ലാ കോർഡിനേറ്റർ ജ്യോതിഷ് കുമാർ, പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലമ്പറമ്പിൽ, വാർഡ് കൗൺസിലർ ബിജി ജോജോ, കരിയർ ഗൈഡൻസ് & സൗഹൃദ പാലാ വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ മിനിദാസ് , പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു, ഹെഡ്മാസ്റ്റർ ഫാ. റെജി സ്കറിയ, പി.റ്റി.എ. പ്രസിഡൻ്റ് വി.എം. തോമസ്, സൗഹൃദ കോർഡിനേറ്റർ സെൽമ ജോർജ്, എന്നിവർ പ്രസംഗിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസലിങ്ങ് സെൽ പാലാ വിദ്യാഭ്യാസ ജില്ലയുടെ മിനി ദിശ കരിയർ എക്സ്പോ പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 29, 30 തീയതികളിലായി നടക്കുകയാണ്. പ്ലസ് ടുവിന് ശേഷം കുട്ടികൾക്ക് ഉന്നത പഠനം സാധ്യമാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 17 സ്റ്റാളുകൾ കരിയർ എക്സ്പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ സ്റ്റാളുകൾ സന്ദർശിച്ച് ഉപരിപഠനമേഖലകളെക്കുറിച്ചും അഡ്മിഷൻ രീതികളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് നേരിട്ട് ചോദിച്ച് മനസ്സിലാക്കാനുള്ള സൗകര്യമുണ്ട്. 




വിദേശപഠനം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡേറ്റാ സയൻസ്, തുടങ്ങിയ പുതുതലമുറ കോഴ്സുകൾ, ഉടൻ ജോലി ലഭ്യമാകുന്ന ഹ്രസ്വ കോഴ്സുകൾ, എൻട്രൻസ് എക്സാമിനേഷൻ, നാലു വർഷ ഡിഗ്രി കോഴ്സുകൾ, എന്നിവയെ സംബന്ധിച്ച് അതാത് മേഖലകളിലെ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസ്സുകൾ ഈ കരിയർ എക്സ്പോയുടെ പ്രത്യേകതയാണ്. കുട്ടികൾക്ക് കരിയർ കൗൺസിലിങ്ങിനുള്ള സൗകര്യവുമുണ്ട്. അതോടൊപ്പം കുട്ടികൾക്ക് പേപ്പർ പ്രസൻ്റേഷൻ മൽസരവും ഒരുക്കിയിട്ടുണ്ട്. 

പാലാ വിദ്യാഭ്യാസ ജില്ലയിലെ 22 ഹയർ സെക്കൻഡറി സ്കൂളുകളിലെ 5000 ത്തോളം വിദ്യാർത്ഥികളാണ് ഈ കരിയർ എക്സ്പോയിൽ പങ്കെടുക്കുന്നത്. വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി 30-ന് ശനിയാഴ്ച്ച 9.30 ന് ODEPC ൻ്റെ സെമിനാറും ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മാതാപിതാക്കളോടൊപ്പം സംബന്ധിക്കാവുന്നതാണ്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments