Latest News
Loading...

അപ്പീല്‍ തള്ളി. ഷൈനി സന്തോഷിന് അയോഗ്യത





രാമപുരം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അയോഗ്യയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി ശരിവെച്ച് കേരള ഹൈക്കോടതി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് ജയിച്ച ശേഷം മാണി വിഭാഗത്തിലെയ്ക്ക് കൂറു മാറിയതാണ് ഷൈനിയ്ക്ക് വിനയായത്. കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷൈനിയെ അയോഗ്യയായി പ്രഖ്യാപിക്കുകയും 6 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിലാണ് ഷൈനി സന്തോഷ്  മത്സരിച്ച് വിജയിച്ചത്. ആദ്യ ടേം ഷൈനിയ്ക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. രണ്ടാം ടേമില്‍ ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചന് കൈമാറണം എന്നതായിരുന്നു യുഡിഎഫിലെ മുന്‍ധാരണ. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസം 2022 ജൂലൈ 27ന് ഷൈനി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലേക്ക് കൂറുമാറുകയും വീണ്ടും പ്രസിഡന്റ് പദവിയിലെത്തുകയും ചെയ്തു. 




അപ്രതീക്ഷിത തിരിച്ചടി നേരിട്ട യുഡിഎഫ് നിയമനടപടികളിലേയ്ക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷൈനിയെ കഴിഞ്ഞ് ഫെബ്രുവരി 22ന് അയോഗ്യയാക്കി. കമ്മീഷന്‍ വിധിക്കെതിരെ ഷൈനി സന്തോഷ് അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  യുഡിഎഫിന് വേണ്ടി വിന്‍സന്റ് കുരിശുമൂട്ടിലാണ് ഹൈക്കോടതിയില്‍ ഹാജരായത്. ഷൈനിയുടെ അയോഗ്യത ഹൈക്കോടതി ശരി വെച്ചതോടെ രാമപുരം പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ സാഹചര്യമാണ് ഉരുതിരിയുന്നത്. മാസങ്ങളായി ഏഴാം വാര്‍ഡില്‍ പ്രസിഡന്റിനാണ് അധികച്ചുമതല. രാഷ്ട്രീയ അധാര്‍മ്മികതയ്ക്കുള്ള തിരിച്ചടിയാണിതെന്നും ജനാധിപത്യത്തിന്റെ വിജയമെന്നും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.കെ ശാന്താറാം പ്രതികരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments