Latest News
Loading...

മലിനജലവും ദുര്‍ഗന്ധവും. കരൂരിലുള്ള ലാറ്റക്‌സ് ഫാക്ടറിയില്‍ ഉപരോധസമരം




പാലാ കരൂരിലുള്ള ലാറ്റക്‌സ് ഫാക്ടറിയില്‍ നിന്നുള്ള മലിനജലവും ദുര്‍ഗന്ധവും ജനജീവിതം ദുസ്സഹമാക്കുന്നതായി ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി പ്രദേശവാസികള്‍. വെള്ളഞ്ചൂരിലെ ഫാക്ടറിക്കുമുന്നില്‍  പ്രദേശവാസികള്‍ ഉപരോധസമരം നടത്തി. അമോണിയ കലര്‍ന്ന മലിനജലം സംസ്‌കരിക്കാതെ പുറത്തേക്കൊഴുക്കുന്നതും  കുടിവെള്ളസ്രോതസ്സുകളുടെ മലിനീകരണവും പരിഹരിക്കാതെ ഫാക്ടറി പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികള്‍. സിപിഐഎം പ്രവര്‍ത്തകര്‍ ഫാക്ടറിയ്ക്ക് മുന്നില്‍ കൊടികുത്തി. 


30 വര്‍ഷം മുമ്പ് മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയ്ക്ക് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച കരൂര്‍ ലാറ്റക്‌സ് ഫാക്ടറി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 8 വര്‍ഷമായി പ്രവര്‍ത്തനം നിലച്ച അവസ്ഥയിലായിരുന്നു. പാലാ നഗരസഭാ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയില്‍   50 പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ഉത്തരേന്ത്യന്‍ കമ്മറ്റിയ്ക്ക് ഫാക്ടറി ലീസിന് നല്കി. അന്യസംസ്ഥാന തൊഴിലാളികളെ മാത്രം ഉള്‍പ്പെടുത്തി പുനാരാരംഭിച്ച ഫാക്ടറിയാണ് ഇപ്പോള്‍ പ്രദേശവാസികള്‍ക്ക് ദുരിതമായത്. 

റബര്‍പാല്‍ സംസ്‌കരണത്തിന് ശേഷം അമോണിയ കലര്‍ന്ന വെള്ളം അതേപടി പുറത്തേയ്ക്ക് ഒഴുക്കുന്നുവെന്ന് ജനങ്ങള്‍ പറയുന്നു. രാത്രികാലങ്ങളില്‍ അസഹ്യമായ ദുര്‍ഗന്ധം മൂലം കിടന്നുറങ്ങാനാവാത്ത അവ്സ്ഥയുമുണ്ട്. ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയതിന് പിന്നാലെ വിവിധ അസുഖങ്ങളാല്‍ ആശുപത്രി കയറിയിറങ്ങുകയാണ് പ്രദേശവാസികള്‍. 





ഒഴുക്കിവിടുന്ന മലിനജലം പാടത്തേയ്ക്കും ളാലം തോട്ടിലേയ്ക്കുമാണ് ഒഴുകിയെത്തുന്നത്. ഇത് മീനച്ചിലാറ്റില്‍ കലരുന്നതിനും ഇടയാക്കും. മുന്‍പ് ഫാക്ടറിയിലെ മലിനജലം മറ്റൊരു ഫാക്ടറിയിലേയ്ക്ക് കൊണ്ടുപോയിരുന്നത് ഇപ്പോഴില്ല. ഫാക്ടറിയിലെ ആറ് യൂണിറ്റുകളില്‍ ഒന്ന് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്ക് ഹാനികരമായ രീതിയില്‍ ഇത് പ്രവര്‍ത്തിപ്പിക്കാനാകില്ലെന്ന് പാലാ നഗരസഭാ കൗണ്‍സിലര്‍ ജോസിന്‍ ബിനോ പറഞ്ഞു.



പ്രദേശവാസികള്‍ ചേര്‍ന്ന് ഫാക്ടറിയിലെ തൊഴിലാളികളെ പുറത്തിറക്കി ഗേറ്റ് അടച്ചിട്ടു. സിപിഎം പ്രവര്‍ത്തകര്‍ ഫാക്ടറിയ്ക്ക് മുന്നില്‍ കൊടി കുത്തുകയും ചെയ്തു. മലിനീകരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഫാക്ടറി പ്രവര്‍ത്തനം അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. മറ്റേതൊരു സ്ഥാപനം വരുന്നതിലും തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ജനങ്ങള്‍ പറയുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments