ഹൈക്കോടതിയില്‍ തനിക്കെതിരെ തോറ്റ സ്ഥാനാര്‍ത്ഥിയെ കൊണ്ട് കേസ് നല്കിയത് ജോസ് കെ മാണിയാണെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. കോടതിവിധിയില്‍ സന്തോഷിക്കുന്നു. 15378 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയായ ജോസ് കെ മാണി, തനിക്കെതിരെ 2 കേസുകളാണ് സില്‍ബന്തികളെ കൊണ്ട് കൊടുപ്പിച്ചത്. രണ്ടാമത്തെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ കേസ് കൊടുപ്പിച്ചത് ജോസ് കെ മാണിയാണെന്നതില്‍ തനിക്ക് സംശയമൊന്നും ഇല്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം-മായി ബന്ധമുള്ളവരാണ് കേസ് വാദിക്കാനെത്തിയത് എന്നത് ഇതിന് തെളിവാണെന്നും കാപ്പന്‍ വ്യക്തമാക്കി.
ദയനീയമായി പരാജയപ്പെട്ട വ്യക്തി ആ പരാജയം മനസിലാക്കി തിരിച്ചുവരവിനുള്ള ശ്രമം നടത്തണം. അതിന് പകരം കുല്‍സിത മാര്‍ഗങ്ങളിലൂടെ ജയിച്ചയാളെ എങ്ങനെ പുറത്താക്കാം, പാലായുടെ വികസനത്തെ എങ്ങനെ തടയാം എന്നാണ് ചിന്തിക്കുന്നത്. തനിക്കെതിരെ നില്‍ക്കുന്ന രണ്ടാമത്തെ കേസ് പിന്‍വലിക്കാനുള്ള രാഷ്ട്രീയ മാന്യത ജോസ് കെ മാണി കാണിക്കണം. 2011-ല്‍ കെ.എം മാണിക്കെതിരെ താന്‍ കേസ് കൊടുത്തിരുന്നു. ആശുപത്രിയിലായിരിക്കെ കാണാന്‍വന്ന മാണിസാറിന്റെ ആവശ്യപ്രകാരം ആ കേസ് പിന്‍വലിച്ചിരുന്നു. അതിന്റെ പേരില്‍ അപവാദവും താന്‍ കേട്ടു. മനസാക്ഷിയ്ക്ക് മുന്‍പില്‍ ശരിയാണെന്ന് തോന്നിയതിനാലാണ് അത് ചെയ്തത്.
ഈ വിവരം ജോസ് കെ മാണിയോട് പറയുകയും തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. മാണി സാറിന് ചെയ്ത് നല്കിയതുപോലെ ധാര്‍മ്മികത കാണിക്കണമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ഇലക്ഷന്‍ സമയത്ത് തനിക്കെതിരെ മാണി സി കുര്യാക്കോസെന്ന അപരനെ നിര്‍ത്തി. 1800 വോട്ട് അയാള്‍ നേടി. ചതിവ് മനസിലുള്ളതുകൊണ്ട് ഇങ്ങനെ ചെയ്യുന്നത്. പാലായുടെ വികസന കാര്യങ്ങളില്‍ ജനങ്ങളോട് വെല്ലുവിളി കാണിക്കരുതെന്നും ജോസ് കെ മാണി മാന്യത കാട്ടി കേസ് പിന്‍വലിക്കണമെന്നും കാപ്പന്‍ ആവശ്യപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments