പാലാ കടപ്പാട്ടൂര്‍ ബൈപ്പാസില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍. ഒരാഴ്ച മുന്‍പ് മാലിന്യം തള്ളിയ ലോറി പ്രദേശവാസികള്‍ പിന്നാലെയെത്തി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ രാത്രി വീണ്ടും മാലിന്യം തള്ളിയത്. ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും മാലിന്യനിക്ഷേപത്തിന് കുറവുണ്ടായിട്ടില്ല.
മുത്തോലി പഞ്ചായത്തിലെ ആറാം വാര്‍ഡ് കടപ്പാട്ടൂരില്‍, പന്ത്രണ്ടാം മൈല്‍ വരെയെത്തുന്ന ബൈപാസിലാണ് മറ്റ് മാലിന്യ നിക്ഷേപങ്ങള്‍ക്കൊപ്പം കക്കൂസ് മാലിന്യം തള്ളുന്നതും പതിവാകുന്നത്. റോഡരികില്‍ ലോറി നിര്‍ത്തിയിട്ട് തൊട്ടു സമീപത്തെ റബര്‍തോട്ടത്തിലേയ്ക്ക് മാലിന്യം ഒഴുക്കുകയാണ് രീതി.
ഇത് പതിവായതോടെ കഴിഞ്ഞ ദിവസം മുത്തോലി പഞ്ചായത്ത് നേതൃത്വത്തില്‍ പ്രദേശത്ത് ക്യാമറ സ്ഥാപിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്ന് പ്രസിഡന്റ് രണ്‍ജീത് മീനാഭവന്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച കക്കൂസ് മാലിന്യം നിക്ഷേപിക്കാന്‍ എത്തിയവരെ നാട്ടുകാര്‍ പിന്നാലെ പോയി പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ബൈപ്പാസിലെ മാലിന്യ നിക്ഷേപം ഒഴിവാക്കാനായി ഇരുവശങ്ങളിലും സൗന്ദര്യവല്‍ക്കരണം നടത്തി ചെടികള്‍ നട്ടുപിടിപ്പിച്ച് മനോഹരമാക്കാന്‍ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതിനിടയിലാണ് സമീപത്തു തന്നെ കക്കൂസ് മാലിന് വീണ്ടും തള്ളിയത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments