പാറമടയില്‍ നിന്നുള്ള രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളം രാത്രിയുടെ മറവില്‍ മീനച്ചിലാറ്റിലേയ്ക്ക് തുറന്നുവിട്ടു. മൂന്നിലവ് പഞ്ചായത്തിലെ മരുതുംപാറയില്‍നിന്നാണ് പാറപ്പൊടി കലര്‍ന്നവെള്ളം പമ്പ് ചെയ്ത് ആറ്റിലേയ്ക്ക് ഒഴുക്കിയത്. വെള്ളത്തിന്റെ നിറവ്യത്യാസം കണ്ട് രാത്രിയില്‍ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഈ അതിക്രമം കണ്ടെത്തിയത്.
പെരുമ്പാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തനം നിലച്ചുകിടന്ന പാറമട , വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെയാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടിയുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലും വെള്ളം പാല്‍നിറത്തില്‍ ഒഴുകിയത് ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാലിത് സ്വകാര്യ റബര്‍ഫാക്ടറിയില്‍ നിന്നാണെന്നാണ് ആക്ഷേപമുയര്‍ന്നത്. ഇത് തെറ്റാണെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ഫാക്ടറി ഉടമതന്നെ പഞ്ചായത്തില്‍ പരാതി നല്കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ സംഭവത്തിന് പിന്നിലെ ആളുകളെ കണ്ടെത്തിയത്.
വെള്ളം കലങ്ങിയതിനെ തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ പ്രദേശവാസികള്‍ വെള്ളത്തിന്റെ വരവ് പിന്തുടര്‍ന്നെത്തിയാണ് മലിനജലമൊഴുക്കുന്നത് കണ്ടെത്തിയത്.
ഒന്നിലധികം മോട്ടോറുകള്‍ ഉപയോഗിച്ച് പാറമടയിലെ വലിയ കുഴിയില്‍ നിന്നും വെള്ളം പുറത്തേയ്ക്ക് പമ്പ് ചെയ്യുകയായിരുന്നു. ഇത് ഒഴുകി കൈത്തോട്ടിലേയ്ക്കും പിന്നീട് മീനച്ചിലാറ്റിലുമാണ് എത്തിയത്.
ജലനിധി പദ്ധതികളും മറ്റ് കുടിവെള്ള പദ്ദതികളും അടക്കം സ്ഥിതി ചെയ്യുന്ന മീനച്ചിലാറിന്റെ കൈവഴിയാണ് മലിനമായത്. രണ്ടാഴ്ച മുന്‍പും സമാനമായ രീതിയില്‍ വെള്ളത്തിലേയ്ക്ക് പാറപ്പൊടിയും വെടിമരുന്നും മറ്റും കലര്‍ന്ന വെള്ളം ഒഴുക്കിയിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. വിഷയം പരിശോധിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ലി ഐസക് പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments