Latest News
Loading...

നൂറാം ജന്മദിനത്തിന് കാത്തുനിൽക്കാതെ കുഞ്ഞേപ്പുചേട്ടൻ യാത്രയായി.




നൂറാം ജന്മദിനത്തിന് കാത്തു നിൽക്കാതെ കാവുംകണ്ടം ഇടവകയിലെ ഏറ്റവും പ്രായം കൂടിയ  പിതാവ് നെല്ലിത്താനത്തിൽ ജോസഫ് ചാണ്ടി എന്നറിയപ്പെടുന്ന കുഞ്ഞേപ്പുചേട്ടൻ 99-ാം വയസ്സിൽ  യാത്രയായി. ഇന്നലെ ഉച്ചകഴിഞ്ഞ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ വച്ച് അന്ത്യകൂദാശ സ്വീകരിച്ച് അദ്ദേഹം നിത്യത പൂകി. 




കാവുംകണ്ടം ഇടവകയിലെ നെല്ലിത്താനത്തിൽ പരേതനായ ചാണ്ടി -  മറിയം ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ മകനായി 1925 ഡിസംബർ 24 -ന് ജനിച്ചു. വല്യാത്ത്‌ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. കളത്തൂർ ഇടവകാംഗമായ നെല്ലിനിൽക്കുംതടത്തിൽ ത്രേസ്യാമ്മയെ 1963 ഫെബ്രുവരി 15ന് വിവാഹം ചെയ്തു. നല്ല ഒരു കൃഷിക്കാരനും കച്ചവടക്കാരനും ആയിരുന്നു. മണ്ണിനെ സ്നേഹിച്ച ഒരു  കാർഷിക കുടുംബമായിരുന്നു കുഞ്ഞേപ്പു ചേട്ടന്റേത്. കൃഷി സംസ്കാരം ഉൾക്കൊണ്ട അധ്വാനശീലനായിരുന്നു അദ്ദേഹം. നാല്പത്തഞ്ചു വർഷത്തോളം വല്യാത്ത് ജംഗ്ഷനിൽ ചായക്കട നടത്തിയിരുന്നു.




പാവപ്പെട്ടവർക്കും നിർധനർക്കും വളരെ ഉപകാരിയായിരുന്നു. കോവിഡ് കാലത്ത് പാവപ്പെട്ട  സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനുവേണ്ടി  പത്തു ഫോൺ സൗജന്യമായി വാങ്ങിച്ച് നൽകി. കിടപ്പാടം  ഇല്ലാത്ത മൂന്ന് നിർധന കുടുംബത്തിന് 15 സെൻ്റ് സ്ഥലം ദാനമായി നൽകി .ഈ അടുത്ത നാളിൽ കാവുംകണ്ടം പള്ളി വികാരി ഫാ.സ്കറിയ വേകത്താനത്തിൻ്റെ നേതൃത്വത്തിൽ 99 -ാംജന്മദിനം കുടുംബാംഗങ്ങളോടൊപ്പം കെങ്കേമമായി ആഘോഷിച്ചിരുന്നു. "ഗ്രാൻഡ്  പേരൻ്റ്സ് ഡേ " യോടനുബന്ധിച്ച് ഇടവകയിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിക്കുള്ള ആദരവും ഏറ്റുവാങ്ങിയാണ് കുഞ്ഞേപ്പുചേട്ടൻ കടന്നു പോകുന്നത്.ഡിസംബർ 24 -ാം തീയതി നൂറാം ജന്മദിനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കടുത്ത പനിയും ശ്വാസം മുട്ടലും അദ്ദേഹത്തെ തളർത്തിയത്. .കുടുംബാംഗങ്ങളും കാവുംകണ്ടം ഇടവക സമൂഹവും കുഞ്ഞപ്പുചേട്ടൻ്റെ നൂറാം ജന്മദിനം വിപുലമായി ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. കുഞ്ഞേപ്പു ചേട്ടൻ യാത്രയാകുമ്പോൾ ഒരു നാടിന്റെ കാരണവർ വിടവാങ്ങുന്ന ദുഃഖത്തിലാണ്   ഇടവക സമൂഹവും . 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments